ചരിത്രഗോൾ നേടിയ ആത്മവിശ്വാത്തിൽ ഇന്ത്യന്‍ കൗമാരപ്പട അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഘാനയെ നേരിടും.
രണ്ടുതവണ അണ്ടര്‍ 17 ലോകകപ്പ് ചാമ്പ്യന്‍മാരായ ഘാനയ്‌ക്കെതിരേ നാലു ഗോളിനെങ്കിലും ജയിച്ചാല്‍മാത്രമേ ആതിഥേയര്‍ക്ക് നോക്കൗട്ട് സാധ്യതയുള്ളൂ.
കൊളംബിയയ്‌ക്കെതിരേ ഗോള്‍ നേടാന്‍ കഴിഞ്ഞ ആത്മവിശ്വാസത്തിലാണ് ടീം കളിക്കാനിറങ്ങുന്നത്. രാത്രി എട്ടിനാണ് കളി.
തോൽവിയേറ്റു വാങ്ങിയെങ്കിലും പ്രതിരോധ മികവും പോരാട്ട വീര്യവുംകൊണ്ട് ഗംഭീര പ്രകടനമാണ് ഇന്ത്യന്‍സംഘം നടത്തിയത്.
ഘാനയാവട്ടെ ആദ്യമത്സരം കൊളംബിയയോട് ജയിച്ചെങ്കിലും യു.എസ്.എ.യോട് അടിയറവു പറഞ്ഞു. അതിനാല്‍ ഇന്ത്യയെ വലിയ ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കാന്‍ തന്നെയാകും അവരുടെ ലക്ഷ്യം.
പരിക്കു നേരിടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ അമര്‍ജിത്ത് കളിക്കുമെന്നുറപ്പില്ല. ഡോക്ടറുടെ അഭിപ്രായം തേടിയ ശേഷമേ അമര്‍ജിത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കൂവെന്ന് പരിശീലകന്‍ ലൂയി ഡി മാത്തോസ് വ്യക്തമാക്കി. സുരേഷ് സിങ് പകരക്കാരനാവാനാണ് സാധ്യത.
യു.എസ്.എ.യ്‌ക്കെതിരായ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോമള്‍ തട്ടല്‍, അനികേത് ജാദവ് എന്നിവരുള്‍പ്പെടെ നാലുപേരെ റിസര്‍വ് ബെഞ്ചിലിരുത്തിയാണ് ഇന്ത്യ കൊളംബിയയ്‌ക്കെതിരേ മത്സരിച്ചത്. എന്നാല്‍, പകരമിറങ്ങിയ നാലുപേരും മികച്ച പ്രകടനം കാഴ്ചവെച്ചു.
ആദ്യമത്സരത്തില്‍ കളിക്കാതിരുന്ന ജീക്‌സണ്‍ സിങ്ങാണ് രണ്ടാം മത്സരത്തില്‍ ഗോള്‍ നേടി ചരിത്രം സൃഷ്ടിച്ചത്.
ആദ്യ രണ്ടു മത്സരങ്ങളിലും മാത്തോസ് ഫോര്‍മേഷന്‍ മാറ്റി മാറ്റി പരീക്ഷിച്ചിരുന്നു. തുടക്കത്തില്‍ പ്രതിരോധത്തിലൂന്നിയും പിന്നീട് ആക്രമിച്ചുമാണ് ഇന്ത്യ കളിച്ചത്.
ശാരീരികക്ഷമതയിലും മികവിലും പരിചയ സമ്പത്തിലും മുന്നിലുള്ള ഘാനയെ നേരിടാനിറങ്ങുമ്പോള്‍ പുതിയ തന്ത്രം പരീക്ഷിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രമം.