നവി മുംബൈ: ഗ്രൂപ്പിലെ മൂന്ന് മത്സരവും വിജയിച്ച് അണ്ടര്‍-17 ലോകകപ്പില്‍ പാരഗ്വായ് പ്രീക്വാര്‍ട്ടറില്‍ കടന്നു.
നവി മുംബൈയില്‍ നടന്ന മത്സരത്തില്‍ തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് പാരഗ്വായ് പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ ന്യൂസിലാന്റിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി മാലിയും പ്രീക്വാര്‍ട്ടറില്‍ കടന്നു.
ആദ്യ പകുതിയില്‍ രണ്ടു ഗോളുകളും രണ്ടാം പകുതിയില്‍ ഒരു ഗോളും അടിച്ചാണ് പാരഗ്വായുടെ മൂന്നാം ജയം. 41-ാം മിനിറ്റില്‍ ജിയോവാനി ബൊഗാഡോ, 43-ാം മിനിറ്റില്‍ ഫെര്‍നാന്‍ഡോ കാര്‍ഡോസോ, 61-ാം മിനിറ്റില്‍ അന്റോണിയോ ഗലിയാനോ എന്നിവരാണ് പാരഗ്വായുടെ ഗോള്‍ നേട്ടക്കാര്‍. മത്സരത്തിന്റെ അവസാന മിനിറ്റില്‍ കരീം കെസ്ഗിനാണ് തുര്‍ക്കിക്കായി ആശ്വാസ ഗോള്‍ നേടിയത്.
മാലി-ന്യൂസിലാന്റ് മത്സരത്തിന്റെ 18-ാം മിനിറ്റില്‍ തന്നെ മാലി ആദ്യ ലീഡ് സ്വന്തമാക്കി. സലാം ജിദൗവുവിന്റെ ഗോളില്‍ മുന്നിലെത്തിയ മാലി രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് വര്‍ദ്ധിപ്പിച്ചു.
ചാള്‍സ് സ്പോര്‍ഗിന്റെ ഗോളിലൂടെ ന്യൂസിലാന്റ് തിരിച്ചു വരവിന് ശ്രമിച്ചെങ്കിലും 82-ാം മിനിറ്റില്‍ ലസാന എന്‍ഡേയുടെ ഗോളിലൂടെ മാലിയുടെ അവസാന ഗോളും ന്യൂസിലാന്റിന്റെ വലയിലെത്തി.