കൊച്ചി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫി കൊച്ചിയില്‍.
രാജകീയ സ്വീകരണമാണ് ലോകകപ്പ് ട്രോഫിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയത്.
ജൂലൈ 17-ന് ദില്ലിയില്‍ നിന്ന് പര്യടനം ആരംഭിച്ച ട്രോഫി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി കായികമന്ത്രി എ സി മൊയ്തീനാണ് ഏറ്റുവാങ്ങിയത്.
വന്‍ സുരക്ഷസന്നാഹമാണ് ട്രോഫിയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കലൂര്‍ സ്റ്റേഡിയത്തില്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ക്കായി ട്രോഫി പ്രദര്‍ശിപ്പിക്കും.
മാത്രമല്ല, കൊച്ചിയിലെ വിവിധസ്ഥലങ്ങളില്‍ ഞായറാഴ്ച വരെ ട്രോഫി പ്രദര്‍ശനമുണ്ടാകും.
ശനിയാഴ്ച കൊച്ചി അമ്പേദ്കര്‍ സ്റ്റേഡിയത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ലോകകപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കും.
ലോകകപ്പിന് വേദിയാവുന്ന ആറ് നഗരങ്ങളിലാണ് പ്രദര്‍ശനം നടത്തുന്നത്. 40 ദിവസം കൊണ്ട് കിലോമീറ്ററുകള്‍ പിന്നിടുന്ന പര്യടനത്തിന്റെ സമാപനമാണ് കൊച്ചിയിലേത്.
കൊച്ചിയിലെ പര്യടനത്തിന് ശേഷം ട്രോഫി കൊല്‍ക്കത്തയിലേക്ക് കൊണ്ടുപോകും. ഒക്ടോബര്‍ ഏഴിനാണ് കൊച്ചിയിലെ ലോകകപ്പ് മത്സരം.