ക്വാലാലംപൂര്‍ : അണ്ടര്‍ 19 ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് എ മത്സരത്തില്‍ 19 റണ്‍സിനാണ് ഇന്ത്യ നേപ്പാളിനോട് തോറ്റത്.
ടോസ് നേടിയ ഇന്ത്യ ആദ്യം ബോളിങ് തിരഞ്ഞെടുത്തു. ഇന്ത്യയ്‌ക്കെതിരെ നേപ്പാള്‍ അടിച്ചത് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 185 റൺസാണ് .
ഇന്ത്യയ്ക്ക് വേണ്ടി ആദിത്യ താക്കറേയും അഭിഷേക് ശര്‍മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഓപ്പണിങ് ബാറ്റ്‌സ്മാനും ക്യാപ്റ്റനുമായ ഹിമാന്‍ഷു റാണ 38 പന്തില്‍ 46ഉം പാര്‍ട്ണര്‍ മനോജ് കല്‍റ 69 പന്തില്‍ 35 ഉം റണ്‍സെടുത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഓപ്പണര്‍മാര്‍ 12.2 ഓവറില്‍ 65 റണ്‍സെടുത്തു.
എന്നാല്‍ 65ന് 0 എന്ന നിലയില്‍ നിന്നും ഇന്ത്യ 48.1 ഓവറില്‍ 166 റണ്‍സിന് ഓള്‍ ഔട്ടായി.
39 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ നേപ്പാളിന്റെ ക്യാപ്റ്റന്‍ ദീപേന്ദ്ര സിംഗാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയെ തകര്‍ത്തത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ 88 റണ്‍സുമായി നേപ്പാളിന്റെ ടോപ് സ്‌കോറായതും സിംഗ് തന്നെയാണ്.
ഇന്ത്യയ്ക്കും നേപ്പാളിനും രണ്ട് കളികള്‍ വീതം പൂര്‍ത്തിയായപ്പോള്‍ രണ്ട് പോയിന്റ് വീതം ലഭിച്ചിട്ടുണ്ട്.