അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം

ബാര്‍ബഡോസ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യന്‍ യുവനിര. ആന്റിഗ്വയിലെ സര്‍ വിവ് റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ 44.5 ഓവറില്‍ 189 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.

9.5 ഓവറില്‍ 31 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പേസര്‍ രാജ് ബാവയും 9 ഓവറില്‍ 34 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ രവികുമാറുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഒരുഘട്ടത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 91 റണ്‍സ് എന്ന നിലയിലേക്കു വീണ് പതറിയ ഇംഗ്ലണ്ടിനെ എട്ടാം വിക്കറ്റില്‍ ജയിംസ് റ്യുജയിംസ് സെയില്‍സ് കൂട്ടുകെട്ടാണ് കരകയറ്റിയത്.

ഇരുവരും ചേര്‍ന്ന് 93 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. റ്യു 116 പന്തുകളില്‍ നിന്ന് 12 ബൗണ്ടറികളോടെ 95 റണ്‍സ് നേടിയപ്പോള്‍ സെയില്‍സ് 65 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളോടെ 34 റണ്‍സുമായി പുറത്താകാതെ നിന്നു. ഇവര്‍ക്കു പുറമേ ഓപ്പണര്‍ ജോര്‍ജ് തോമസ്(27), 10 റണ്‍സ് വീതം നേടിയ റെഹാന്‍ അഹ്മദ്, അലക്‌സ് ഹോര്‍ട്ടണ്‍ എന്നിവര്‍ക്കു മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടക്കാനായത്.

നേരത്തെ നാണയ ഭാഗ്യം ലഭിച്ച ഇംഗ്ലീഷ് നായകന്‍ ടോം പ്രെസ്റ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമിഫൈനലില്‍ തകര്‍പ്പന്‍ ജയം നേടിയ ഇലവനില്‍ ഇരുടീമുകളും മാറ്റം വരുത്തിയിട്ടില്ല. ടോസ് ലഭിച്ചിരുന്നെങ്കില്‍ താനും ബാറ്റിങ് തന്നെ തെരഞ്ഞെടുക്കുമായിരുന്നുവെന്നു പിന്നീട് ഇന്ത്യന്‍ നായകന്‍ യഷ് ദുള്‍ പറഞ്ഞു.

ചരിത്രത്തിലെ അഞ്ചാം ലോക കിരീടം തേടിയാണ് ഇന്ത്യ ഇറങ്ങിയത്. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ എട്ടാം ഫൈനലാണിത്.

Top