ദുബായ്: അണ്ടര്‍-19 ലോലകകപ്പ് ഫൈനലിന് ശേഷം ഗ്രൗണ്ടില്‍ തമ്മിലടിച്ച ഇന്ത്യയുടേയും ബംഗ്ലാദേശിന്റേയും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഐ.സി.സി. ഇന്ത്യയുടെ രണ്ട് താരങ്ങള്‍ക്കും ബംഗ്ലാദേശിന്റെ മൂന്നു താരങ്ങള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയത്.
ഇന്ത്യന്‍ താരങ്ങളായ രവി ബിഷ്ണോയും ആകാശ് സിങ്ങും ബംഗ്ലാദേശ് നിരയില്‍ തൗഹീദ് ഹൃദോയ്, ഷമീം ഹുസൈന്‍, റകീബുല്‍ ഹസന്‍ തുടങ്ങിയവര്‍ക്കാണ് വിലക്ക്. അഞ്ചു പേര്‍ക്കും നാല് മുതല്‍ പത്തു വരെ മത്സരങ്ങളില്‍ നിന്ന് വിലക്ക് ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.
മാച്ച് റഫറി ഗ്രെയിം ലബ്രൂയിയാണ് അഞ്ചു പേര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തത്. മത്സരത്തിന്റെയും മത്സരശേഷമുള്ള സംഘര്‍ഷത്തിന്റെയും വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമായിരുന്നു നടപടി എടുക്കാന്‍ തീരുമാനിച്ചത്. അതേസമയം മാച്ച് റഫറി ചുമത്തിയ കുറ്റം അഞ്ചു താരങ്ങളും അംഗീകരിച്ചതായും ഐ.സി.സി വ്യക്തമാക്കി.
ഇന്ത്യന്‍ താരമായ ആകാശ് സിങ്ങിന് എട്ടു മത്സരങ്ങള്‍ നഷ്ടമാകുന്നതായിരിക്കും. എട്ടു സസ്പെന്‍ഷന്‍ പോയിന്റാണ് ആകാശ് സിങ്ങിന് ഐ.സി.സി ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്ണോയിയെ അഞ്ചു മത്സരങ്ങളില്‍ നിന്നാണ് വിലക്കിയത്.
ബംഗ്ലദേശ് താരമായ തൗഹീദ് ഹൃദോയിക്ക് 10 മത്സരങ്ങളില്‍ നിന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. എട്ടു മത്സരങ്ങളില്‍ നിന്ന് ഷമിം ഹുസൈനും റകീബുല്‍ ഹസ്സന് നാല് മത്സരങ്ങളും നഷ്ടമാകുന്നതായിരിക്കും.