തിരുവനന്തപുരം: ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എഡിജിപി തസ്തികയിലേക്കും എഡിജിപി തസ്തികയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ ഡിജിപി തസ്തികയിലേക്കും മാറിയതില്‍ അമ്പരന്ന് ഐ.പി.എസ് ഉദ്യോഗസ്ഥര്‍.
സര്‍ക്കാറിന് എന്ത് തീരുമാനങ്ങളും സ്വീകരിക്കാന്‍ അവകാശവും അധികാരവുമുള്ളതിനാല്‍ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണവുമായി രംഗത്ത് വരാന്‍ ആരും തയ്യാറല്ല. ദീര്‍ഘകാലം നോര്‍ത്ത് സോണില്‍ എഡിജിപിയായിരുന്ന രാജേഷ് ദിവാന്‍ ഒരു ഇടവേളക്ക് ശേഷമാണ് പഴയ തട്ടകത്തിലേക്ക് ഇപ്പോള്‍ മടങ്ങുന്നത്.
നിലവില്‍ പൊലീസ് ആസ്ഥാനത്തെ ഭരണ വിഭാഗം ഡിജിപിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. നോര്‍ത്ത് സോണ്‍ എഡിജിപി തസ്തിക ഡിജിപി തസ്തികയാക്കി മാറ്റാന്‍ കഴിയാത്തതിനാല്‍ ഫലത്തില്‍ തരംതാഴ്ത്തിയതിന് തുല്യമാണ് ഈ നിയമനം.
ഡിജിപി തസ്തികയിലുള്ളവര്‍ക്ക് നിയമനം നല്‍കിയിരുന്ന ജയില്‍ ഡിജിപി തസ്തികയില്‍ ആറ് മാസം മുന്‍പ് നടന്ന നിയമനത്തില്‍ എഡിജിപി തസ്തികയിലുള്ള അനില്‍ കാന്തിനെയാണ് സര്‍ക്കാര്‍ നിയമിച്ചിരുന്നത്. ഈ തസ്തികയില്‍ രാജേഷ് ദിവാനെ നിയമിച്ചിരുന്നുവെങ്കില്‍ അദ്ദേഹത്തിന് ഡിജിപി പദവിയില്‍ തുടരാമായിരുന്നു. എന്നാല്‍ ഇവിടെ എഡിജിപി ശ്രീലേഖയെയാണ് നിയമിച്ചിരിക്കുന്നത്.
ഏറ്റവും ഒടുവില്‍ ഋഷിരാജ് സിംങ്ങാണ് ഡിജിപി തസ്തികയില്‍ ജയില്‍ മേധാവിയായി ഇരുന്നിട്ടുള്ളത്. ഈ സ്ഥലമാറ്റത്തില്‍ നിര്‍ണ്ണായകമായ ഒരു തസ്തികയിലൂടെ തിരിച്ച് വന്നത് എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയാണ്. ഇപ്പോള്‍ കോസ്റ്റല്‍ പൊലീസ് തലവനാക്കിയ അദ്ദേഹത്തെ താമസിയാതെ സുപ്രധാന പദവിയില്‍ നിയമിക്കുമെന്നാണ് സൂചന. നിലവില്‍ കേരള ബുക്‌സ് ആന്‍ഡ് പബ്‌ളിക്കേഷന്‍സ് എംഡിയാണ്.
നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവയ്പ് ഉള്‍പ്പെടെ ചില സുപ്രധാന വിവരങ്ങള്‍ യഥാസമയം മുഖ്യമന്ത്രിയെ അറിയിക്കുന്നതില്‍ പറ്റിയ വീഴ്ചയാണ് ശ്രീലേഖയുടെ സ്ഥാനചലനത്തിന് കാരണം. സമ്പത്ത് ഉരുട്ടി കൊല കേസോടെ മുഖ്യധാരയില്‍ നിന്നകന്ന മുഹമ്മദ് യാസിന് പകരം ചുമതല നല്‍കിയത് സി പി എം സംസ്ഥാന നേതൃത്വത്തിന്റെ താല്‍പ്പര്യം കൂടി മുന്‍നിര്‍ത്തിയാണ്.