മുംബൈ: കോവിഡ് നിയന്ത്രണവിധേയമായതോടെ മാസ്‌ക് ഒഴിവാക്കുന്നതിനുള്ള നടപടികളിലേക്ക് കടന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് കേന്ദ്ര-സംസ്ഥാന കോവിഡ് ടാസ്‌ക്ഫോഴ്സുകളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടിയതായി മഹാരാഷ്ട്ര ആരോഗ്യ മന്ത്രി രാജേഷ് തോപെ പറഞ്ഞു.
കോവിഡിനെതിരായ ഏറ്റവും മികച്ച പ്രതിരോധമാര്‍ഗമായി ഉയര്‍ന്നുവന്ന മാസ്‌ക് ധരിക്കല്‍ നിര്‍ത്താന്‍ നിലവില്‍ പല രാജ്യങ്ങളും പൗരന്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മഹാരാഷ്ട്ര ആരോഗ്യ മന്ത്രി വ്യക്തമാക്കി.
‘കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ സംസ്ഥാനം മാസ്‌ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തു. യുകെ അടക്കമുള്ള നിരവധി രാജ്യങ്ങള്‍ തങ്ങളുടെ പൗരന്‍മാരോട് മാസ്‌ക് ധരിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അങ്ങനെയൊരു നടപടിയിലേക്ക് കടന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ കേന്ദ്ര-സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്സുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്’ അദ്ദേഹം പറഞ്ഞു. അതേ സമയം നമ്മുടെ ജനസംഖ്യ കൂടുതലാണെന്നും കുറച്ചുകാലമെങ്കിലും മാസ്‌ക് ധരിക്കുന്നത് തുടരേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയുണ്ടായി.
56 ദിവസങ്ങള്‍ക്ക് ശേഷം മുംബൈയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിലേക്കെത്തിയിരുന്നു.നേരത്തെ,മുംബൈയില്‍ ടിപിആര്‍ 25 ശതമാനംവരെ എത്തിയിരുന്നു. നിലവില്‍ മഹാരാഷ്ട്രയില്‍ പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരത്തില്‍ താഴെയാണ്. വ്യാഴാഴ്ച 6248 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയില്‍ 429 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.