നിരവധി കൊലപാതക കേസുകളില്‍ പോലീസ് തേടിയിരുന്ന അധോലോക കില്ലറെ അനായാസം പൊക്കി വനിതാ പോലീസ്. മധ്യപ്രദേശിലെ ചത്തര്‍പൂരിലുള്ള വനിതാ ഓഫീസറാണ് വധുവായി വേഷം അണിഞ്ഞ് കൊലക്കേസ് പ്രതിയെ പൊക്കിയത്. ചോദ്യവും ഉത്തരവും ഇല്ലാതെ ഇരകളെ വെടിവെച്ച് വീഴ്ത്തുന്ന ഇയാളെ വീഴ്ത്തിയത് വനിതാ എസ്‌ഐയുടെ പ്രണയ ഫോണ്‍ കോളുകളാണ്.
ഗുണ്ടയായ ബാല്‍കിഷന്‍ ചൗബെയെ വെറും മൂന്ന് ദിവസത്തെ ഫോണ്‍ കോളിനൊടുവിലാണ് സബ് ഇന്‍സ്‌പെക്ടര്‍ മാധവി അഗ്‌നിഹോത്രി വലയിലാക്കിയത്. മൂന്നാം ദിനം ഫോണ്‍ വെയ്ക്കുമ്പോള്‍ ഇയാള്‍ വിവാഹ വാഗ്ദാനവും നടത്തി. ഒരു ക്ഷേത്രത്തില്‍ വിവാഹത്തിനായി എത്താമെന്നും ഉറപ്പുനല്‍കി. കൈയില്‍ തോക്കുമായി നടക്കുന്ന ചൗബെ ഏത് സമയത്ത് വേണമെങ്കിലും ഇതെടുത്ത് പ്രയോഗിക്കാമെന്ന മുന്നറിയിപ്പോടെയാണ് പോലീസ് ഈ പദ്ധതിക്ക് ഇറങ്ങിയത്.
മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ 15ഓളം കൊലപാതം, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയാണ് ചൗബെ. ഈ വര്‍ഷം ആഗസ്റ്റില്‍ ഇത്തരം ഒരു കൊല നടത്തിയ ശേഷം മുങ്ങിയ പ്രതിയെ ഫേസ്ബുക്കില്‍ പിന്തുടര്‍ന്നാണ് പോലീസ് അന്വേഷണം നടത്തിയത്. കൊലപാതകം നടത്തി മുങ്ങാന്‍ കെല്‍പ്പുള്ള ഇയാളെ കുടുക്കാന്‍ മാധവി തീരുമാനിച്ചു. ഫേസ്ബുക്ക് അക്കൗണ്ട് വഴി നമ്പര്‍ സംഘടിപ്പിച്ച് ഫോണ്‍ സംസാരം തുടങ്ങി.
തോക്കും, സ്ത്രീകളോടുള്ള മോഹവുമാണ് ചൗബെയുടെ ദൗര്‍ബല്യങ്ങളെന്ന് തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഒടുവില്‍ യുപിഎംപി അതിര്‍ത്തിയിലെ ഗ്രാമത്തില്‍ തന്റെ വധുവിനെ കാണാനെത്തിയ ചൗബെയെ സാധാരണ വസ്ത്രത്തില്‍ നിന്ന പോലീസുകാര്‍ കീഴടക്കി. നിലത്തുവീണ് കിടന്ന ചൗബെയോട് താനാണ് രാധയെന്ന് മാധവി പറഞ്ഞപ്പോഴും അയാള്‍ അവിശ്വാസത്തോടെ കിടന്നതായാണ് റിപ്പോര്‍ട്ടുകള്‍.