ആയൂരിൽ നീറ്റ് പരീക്ഷയ്ക്കിടെ പെൺകുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച ആയുർ മാർത്തോമാ കോളജിലേക്ക് വിദ്യാർഥി സംഘടനകളുടെ മാർച്ച്. എസ്എഫ്‌ഐ, കെ എസ് യു പ്രവർത്തകരാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറിച്ചിട്ട് കോളേജിനകത്ത് പ്രവേശിച്ച വിദ്യാർഥികൾ ജനൽ ചില്ലുകൾ തകർത്തു. പ്രധിഷേധത്തിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി.
അതേസമയം, അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തിൽ കേരളം നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജൻസിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ വിദ്യാർഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.