ന്യൂഡല്‍ഹി: 45 വര്‍ഷത്തിനിടെ രാജ്യത്തെ തൊഴിലില്ലായ്മ കുത്തനെ കൂടിയെന്ന ദേശീയ സാംപിള്‍ സര്‍വേ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് നീതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. തൊഴിലില്ലായ്മ റിപ്പോര്‍ട്ട് പൂര്‍ത്തി ആയിട്ടില്ലെന്നും അമിതാഭ് കാന്ത് ആരോപിച്ചു.
തൊഴില്‍ മേഖലയെ നോട്ടു നിരോധനം വലച്ചു എന്ന് സര്‍വേയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2011-12 കാലത്ത് 2.2 ശതമാനമായിരുന്ന തൊഴില്ലായ്മ നിരക്ക് . ഇത് 2017 -18 വര്‍ഷം മൂന്നു മടങ്ങ് വര്‍ധിച്ചു. 6.1 ശതമാനം . 1972 ലേതിന് സമാനമായ സ്ഥിതി. നഗര, ഗ്രാമീണ ഭേദമില്ലാതെ തൊഴിലില്ലായ്മ വര്‍ധിക്കുകയാണ് .
തൊഴിലില്ലായ്മയുടെ ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു.ഗ്രാമീണ മേഖലയില്‍100 ല്‍ 17 യുവാക്കളും പേരും നഗര മേഖലയില്‍ 19 പേരും തൊഴിലില്ലാത്തവരാണ്. ഗ്രാമീണ യുവതികളില്‍ 100ല്‍ 18 പേരും നഗരമേഖലയില്‍ 27 പേരും തൊഴിലില്ലാത്തവരാണ്. കാര്‍ഷിക മേഖല അനാകര്‍ഷണമായതോടെ യുവാക്കള്‍ ഗ്രാമം വിട്ട് നഗരത്തിലെത്തിയെങ്കിലും ജോലി കിട്ടിയില്ല. നിര്‍മ്മാണ മേഖലയിലെ മാന്ദ്യം തിരിച്ചടിയായെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന് ഈ റിപ്പോര്‍ട്ട് ഡിസംബറില്‍തന്നെ കൈമാറിയെങ്കിലും ഇതേവരെ പ്രസിദ്ധീകരിച്ചിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മീഷന്‍ അംഗങ്ങളായ രണ്ടു പേര്‍ കഴിഞ്ഞ ദിവസം രാജി സമര്‍പ്പിച്ചിരുന്നു. കാലാവധി രണ്ടുവര്‍ഷം ശേഷിക്കുമ്പോഴാണ് സ്വതന്ത്ര അംഗങ്ങളായ മോഹനനും മീനാക്ഷിയും രാജിവച്ചത്. ഏഴംഗ കമ്മീഷനിലെ മൂന്നംഗങ്ങള്‍ നേരത്തേ രാജിവച്ചിരുന്നു. ഇനി ചീഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസറും നീതി ആയോഗ് സിഇഒയും മാത്രമേ കമ്മീഷനിലുള്ളൂ.