ആലപ്പുഴ വലിയഴീക്കൽ നിവാസികളെ ദുരിതത്തിലാക്കി അപ്രതീക്ഷിത കടലാക്രമണം

ഹരിപ്പാട്: ആലപ്പുഴ വലിയഴീക്കലിൽ ദുരിതം വിതച്ച് അപ്രതീക്ഷിതമായുണ്ടായ കടലാക്രമണം. ആറാട്ടുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേലിയേറ്റത്തെ തുടർന്ന് കടൽ പ്രക്ഷുബ്ദമായിരുന്നെങ്കിലും വലിയഴീക്കൽ ഭാഗത്തായിരുന്നു ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടായത്. ഇവിടെ കടൽഭിത്തി തീരെ ദുർബലമാണ്. അതിനാല്‍ തന്നെ കടല്‍ ക്ഷോഭം ഈ മേഖലയെ സാരമായി ബാധിക്കാറുണ്ട്. കരയിലേക്ക് അടിച്ച് കയറിയ തിരമാല തീരദേശ റോഡിൽ വെള്ളക്കെട്ട് സൃഷ്ടിച്ചു. ഈ മേഖലയിലെ ഗതാഗതത്തേയും ബാധിച്ചു. ഇവിടെയുള്ള വീട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും കടലാക്രമണം പ്രയാസം സൃഷ്ടിച്ചിട്ടുണ്ട്.

റോഡും കടലും തമ്മിൽ ചുവടുകളുടെ അകലം മാത്രമാണ് ഈ മേഖലയില്‍. നിലവിലുള്ള കടൽഭിത്തി പൂർണമായും മണ്ണിനടിയിലാണ്. അതു കൊണ്ട് തന്നെ കടൽ ചെറുതായി ഒന്നിളകിയാൽ റോഡ് വെള്ളത്തിലാകും. ഇന്നത്തെ കടലാക്രമണത്തില്‍ ഈ ഭാഗത്ത് റോഡ് പൂർണമായും മണ്ണിനടിയിലായി. വെള്ളക്കെട്ടും നിലനിൽക്കുകയാണ്. വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതുവഴി കടന്നു പോകുന്നത്. വലിയഴീക്കൽ സുബ്രഹ്മണ്യ ക്ഷേത്ര ജംഗ്ഷൻ മുതൽ വലിയഴീക്കൽ ജംഗ്ഷൻ വരെ 150 മീറ്റർ ഭാഗത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ജിയോ ബാഗിൽ മണൽ നിറച്ചെങ്കിലും കാര്യമായ ഗുണമില്ലെന്നാണ് പരാതി.

തീരം സംരക്ഷിക്കണമെന്ന് ഏറെനാളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികാരികൾ പ്രശ്നം ഗൗരവത്തിൽ എടുത്തിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. വലിയഴിക്കൽ പാലത്തിലേക്ക് കയറുന്ന തുടക്കഭാഗത്താണ് പ്രശ്നം ഗുരുതരമായിട്ടുള്ളത്. ശക്തമായി കടലാക്രമം ഉണ്ടാവുന്ന അവസരങ്ങളിൽ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മണ്‍സൂണ്‍ സമയത്തെ കടല്‍ക്ഷോഭത്തില്‍ പൊന്നാനിയില്‍ മാത്രം മരക്കടവ് മുതല്‍ ഹിളര്‍ പള്ളി വരെയുള്ള മേഖലകളില്‍ കടലിനോട് ചേര്‍ന്ന 11 വീടുകള്‍ പൂര്‍ണമായും കടലെടുത്തു. പേരിനുമാത്രം കടല്‍ഭിത്തിയുള്ള മേഖലയായതിനാലാണ് നാശനഷ്ടം വര്‍ധിച്ചത്. ഈ മേഖലയിലെ തീരദേശ റോഡും പൂര്‍ണമായി തകര്‍ന്നനിലയിലാണ്. സ്വന്തമായുള്ള ഭൂമിയും വീടും കടല്‍ക്ഷോഭത്തില്‍ കടൽ എടുക്കുമ്പോൾ ഭൂമിയുടെ പട്ടയരേഖകളുമായി നിസ്സഹായരായി നില്‍ക്കുകയാണ് താലൂക്കിലെ കടലോരവാസികള്‍.

Top