ദില്ലി: ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് അടുത്തെത്തിയ സാഹചര്യത്തിൽ കനത്ത തിരിച്ചടി നേരിട്ട് ബിജെപി. 11 പ്രാദേശിക ബിജെപി നേതാക്കളാണ് ആം ആദ്മി പാർട്ടിയിൽ ചേർന്നത്. രോഹിണിയിലെ 53ാം വാർഡിൽ നിന്നുള്ള 11 ബിജെപി നേതാക്കളാണ് ആം ആദ്മി പാർട്ടിയിലേക്ക് ചുവടുമാറിയത്. അവരുടെ കഠിനാധ്വാനത്തിന് അർഹമായ പരിഗണന ലഭിക്കാത്ത സാഹചര്യത്തിലാണ് അവർ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് മുതിർന്ന ആം ആദ്മി പാർട്ടി നേതാവ് ദുർഗേഷ് പതക് പറഞ്ഞു.
കഴിഞ്ഞ 15 വർഷമായി അവർ പാർട്ടിക്ക് വേണ്ടി കഠിനമായി പ്രവർത്തിക്കുന്നു. എന്നാൽ പ്രദേശത്തെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉന്നയിക്കുമ്പോഴെല്ലാം അധികാരികൾ അവരെ അവഗണിക്കുകയായിരുന്നു. ദുർഗേഷ് പതക് വിശദീകരിച്ചു. ആം ആദ്മി പാർട്ടിയിൽ ചേർന്ന ബിജെപി നേതാക്കളിൽ മുൻ വാർഡ് വൈസ് പ്രസിഡന്റ് പൂജ അറോറ, മഹിള മോർച്ച മുൻ വൈസ് പ്രസിഡന്റുമാരായ ചിത്ര ലാംബ, ഭാവന ജെയിൻ എന്നിവരും ഉൾപ്പെടുന്നു. രോഹിണി പ്രദേശത്ത് വിശ്രമമില്ലാത്ത പ്രവർത്തനങ്ങളാണ് ഇവർ നടത്തിയിരുന്നത്. അവർ ആം ആദ്മി പാർട്ടിയിൽ ചേരാൻ തീരുമാനിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്നുമായിരുന്നു മുതിർന്ന ആം ആദ്മി നേതാവിന്റെ പ്രതികരണം.
അതേ സമയം ദില്ലി എംസിഡി തിരഞ്ഞെടുപ്പിനുള്ള 134 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക എഎപി പുറത്തുവിട്ടു. 134 പേരുടെ പട്ടികയിൽ 70 വനിതകൾക്ക് ടിക്കറ്റ് നൽകിയിട്ടുണ്ട്. മുൻ എം.എൽ.എ വിജേന്ദർ ഗാർഗിനെ എം.സി.ഡി തെരഞ്ഞെടുപ്പിൽ നറൈനയിൽ നിന്ന് എ.എ.പി മത്സരിപ്പിക്കും. മറുവശത്ത് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്ക് വന്ന ദില്ലിയിലെ ഏറ്റവും മുതിർന്ന കൗൺസിലർ മുകേഷ് ഗോയൽ ആദർശ് നഗർ വാർഡിൽ നിന്ന് തിരഞ്ഞെടുപ്പ് രംഗത്തുണ്ടാകും. കോൺഗ്രസിലെ മുൻ കൗൺസിലറായ ഗുഡ്ഡി ദേവിയെ തിമർപൂരിലെ മൽകഗഞ്ചിൽ നിന്ന് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.