ചികിത്സാകേന്ദ്രം ഒരുക്കിയിട്ടില്ല; പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്ന് കരസേന

ന്യൂഡല്‍ഹി:ഗല്‍വാനിലെ ഏറ്റുമുട്ടലില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന സൈനികരെ ലേയിലെ ആശുപത്രിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വിശദീകരണവുമായി കരസേന.

മോദിയുടെ സന്ദര്‍ശനത്തിനായി ചികിത്സാകേന്ദ്രം ഒരുക്കിയെന്ന പ്രചാരണം തെറ്റാണെന്ന് കരസേന വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും അപകീര്‍ത്തികരവുമാണെന്ന് കരസേന പറഞ്ഞു.

സൈനികര്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച് ഉയര്‍ന്ന പ്രചാരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. സായുധ സേനാംഗങ്ങള്‍ക്ക് സാധ്യമായ മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും കരസേന വിശദീകരിച്ചു.

ലേയിലെ സൈനിക ആശുപത്രിയില്‍വച്ചാണ് പ്രധാനമന്ത്രി സൈനികരെ കണ്ടത്. പ്രധാനമന്ത്രി സൈനികരെ കണ്ട സ്ഥലം ആശുപത്രി സമുച്ചയത്തിന്റെ ഭാഗം തന്നെയാണ്. അടിയന്തരഘട്ടങ്ങളില്‍ 100 വരെ കിടക്കകള്‍ ഉള്ള വാര്‍ഡായി ഉപയോഗിക്കാവുന്ന സ്ഥലമാണിത്. ആശുപത്രിയിലെ ചില വാര്‍ഡുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ഐസലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയിരുന്നു. അതുകൊണ്ടാണ് പരിശീലനഹാളായി ഉപയോഗിച്ചിരുന്ന കേന്ദ്രം സൈനികരുടെ ചികിത്സയ്ക്കായി പ്രത്യേകമായി സജ്ജീകരിച്ചതെന്നും കരസേന വിശദീകരിച്ചു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ സൈനികര്‍ ഇവിടേക്ക് എത്തിയത് മുതല്‍ ഈ പ്രത്യേക കേന്ദ്രത്തിലാണ് ചികിത്സ നല്‍കുന്നത്. നേരത്തെ കരസേനാ മേധാവി എം.എം.നരവനെ, മറ്റു സേനാ കമാന്‍ഡര്‍മാരെല്ലാം സൈനികരെ ഇവിടെയെത്തി സന്ദര്‍ശിച്ചിരുന്നതായും സൈന്യം വ്യക്തമാക്കി.

വെള്ളിയാഴ്ചയാണ് പ്രധാനമന്ത്രി ലഡാക്കില്‍ ചൈനീസ് അതിര്‍ത്തിക്കു സമീപം നിമുവിലെ സൈനികപോസ്റ്റ് സന്ദര്‍ശിച്ച് സൈനികരെ അഭിസംബോധന ചെയ്തത്. പിന്നാലെ ഗാല്‍വന്‍ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ലേയില്‍ ചികിത്സിലുള്ള സൈനികരേയും സന്ദര്‍ശിച്ചു. പരുക്കേറ്റ സൈനികരുമായുള്ള മോദിയുടെ ആശയവിനിമയത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ വിവിധ കോണുകളില്‍നിന്നാണ് വിമര്‍ശനം ഉയര്‍ന്നിരുന്നത്.. മെഡിസിന്‍ കാബിനറ്റ്, ഐവി, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ചിത്രത്തില്‍ കാണാത്തതിനാല്‍ ഇതു യഥാര്‍ഥ ആശുപത്രി അല്ലെന്നായിരുന്നു ആരോപണം

Top