ഗാസ സിറ്റി: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇതുവരെ 2,360 കുട്ടികള്‍ മരണപ്പെട്ടതായി യുണിസെഫ്. സംഘര്‍ഷം ആരംഭിച്ച് 18 ദിവസത്തിനിടെയാണ് ഇത്രയും കുട്ടികള്‍ ഗാസയില്‍ കൊല്ലപ്പെട്ടത്. മിസൈലാക്രമണത്തിലും ബോംബാക്രമണത്തിലും 5,364 ഓളം കുട്ടികള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. കുട്ടികള്‍ക്ക് നേരെയുളള ക്രൂരതയില്‍ യുണിസെഫ് ആശങ്ക രേഖപ്പെടുത്തി.ഗാസയിലെ സാഹചര്യം ധാര്‍മികതയ്ക്ക് മേലുള്ള കളങ്കമാണെന്ന് യൂണിസെഫ് പ്രതികരിച്ചു.
അടിയന്തരമായ വെടിനിര്‍ത്തലിന് യുണിസെഫ് ആഹ്വാനം ചെയ്തു. ഗാസ മുനമ്പിലെ മിക്കവാറും എല്ലാ കുട്ടികളും നിരന്തര ആക്രമണങ്ങള്‍, കുടിയൊഴിപ്പിക്കല്‍, ഭക്ഷണം, വെള്ളം, മരുന്ന് തുടങ്ങിയ അവശ്യവസ്തുക്കളുടെ കടുത്ത ദൗര്‍ലഭ്യം എന്നിവ നേരിടുന്നു. കുട്ടികളെ കൊല്ലുന്നതും പരിക്കേല്‍പ്പിക്കുന്നതും ബന്ദികളാക്കുന്നതും ആശുപത്രികള്‍ക്കും സ്‌കൂളുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതും കുട്ടികളുടെ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് യുണിസെഫ് മിഡില്‍ ഈസ്റ്റ് റീജിയണല്‍ ഡയറക്ടര്‍ അഡെല്‍ ഖോദ്ര്‍ പറഞ്ഞു.
32 വലിയ ആശുപത്രികളില്‍ 12 എണ്ണം ഇന്ധനമില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി. ബാക്കിയുള്ളിടത്ത് ഭാഗിക പ്രവര്‍ത്തനം മാത്രം. മുറിവേറ്റവര്‍ തിങ്ങിനിറഞ്ഞ ആശുപത്രികളില്‍ ഇന്ധനം ഉടന്‍ എത്തിയില്ലെങ്കില്‍ കൂട്ടമരണമാണുണ്ടാകുകയെന്ന് സന്നദ്ധ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കുന്നു. 12 ലക്ഷത്തിലേറെ അഭയാര്‍ത്ഥികള്‍ ഭക്ഷണമോ വെള്ളമോ ഇല്ലാതെ തെരുവിലാണ്. അവര്‍ക്ക് സഹായം നല്‍കി വരുന്ന യുഎന്‍ ഏജന്‍സികള്‍ ഇന്ധനം എത്തിയില്ലെങ്കില്‍ ഇന്ന് പ്രവര്‍ത്തനം നിര്‍ത്തും. 150 യുഎന്‍ അഭയകേന്ദ്രങ്ങളിലായി അഞ്ചര ലക്ഷം ഗാസക്കാര്‍ കഴിയുന്നു. റഫ അതിര്‍ത്തിയില്‍ ഇരുപത് ട്രക്കുകള്‍ ഇന്ധനവുമായി കാത്തുകിടക്കുന്നുവെങ്കിലും ഗാസയില്‍ കടക്കാന്‍ ഇസ്രയേല്‍ അനുവദിച്ചിട്ടില്ല.
ദിവസം 500 ട്രക്കുകള്‍ എത്തിയിരുന്ന ഗാസയില്‍ ഇപ്പോള്‍ ആകെ അനുവദിച്ചിരിക്കുന്നത് 20 എണ്ണം മാത്രം. അവശ്യ മരുന്നുകള്‍ക്കും ഭക്ഷണത്തിനും ക്ഷാമമുണ്ട്. യുഎന്നില്‍ സെക്രട്ടറി ജെനെറല്‍ അന്റോണിയോ ഗുട്ടറസ് നടത്തിയ പ്രസംഗത്തിന് പിന്നാലെ ഗാസയ്ക്ക് മാനുഷിക സഹായമെന്ന വാദം അന്താരാഷ്ട്ര തലത്തില്‍ ശക്തിപ്പെടുകയാണ്. നിരപരാധികള്‍ മരിച്ചുവീഴുമ്പോള്‍ ലോകത്തിന്റെ നിസംഗത നിരാശപ്പെടുത്തുന്നുവെന്ന് ജോര്‍ദാന്‍ രാഞ്ജി റാണിയ അല്‍ അബ്ദുല്ല. സൈനിക നടപടിക്ക് ഇടവേള നല്‍കി മാനുഷിക സഹായം ഗാസയില്‍ എത്തിക്കണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടു. കനത്ത വ്യോമാക്രമണം ഇസ്രയേല്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 300 കുട്ടികള്‍ അടക്കം 704 പേര്‍ കൊല്ലപ്പെട്ടു.