ന്യൂഡല്‍ഹി: രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതില്‍ സാധ്യതാ പഠനം നടക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു ഏകീകൃത സിവില്‍ കോഡുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ നടത്തിയത്.
വ്യത്യസ്ത മത വിഭാഗങ്ങള്‍ക്ക് വ്യക്തിനിയമങ്ങള്‍ നില നില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തില്‍ ആഴത്തിലുള്ള പഠനം വേണമെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു രാജ്യസഭയില്‍ വ്യക്തമാക്കി. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്‌സഭയേയും അറിയിച്ചു.
വിഷയത്തില്‍ പഠനം നടത്താന്‍ നിയമമന്ത്രാലയം കേന്ദ്ര ലോ കമ്മീഷന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഈ പഠനത്തില്‍ മുന്നോട്ടു വെക്കുന്ന നിര്‍ദേശങ്ങള്‍ക്ക് ശേഷം ഈ കാര്യത്തില്‍ നടപടി ഉണ്ടായേക്കും. എന്നാല്‍ ഇത് നടപ്പില്‍ വരുത്തുന്നതിന് കൃത്യമായി ഒരു സമയം സര്‍ക്കാറിന് പറയാന്‍ കഴിയില്ലെന്നും കിരണ്‍ റിജ്ജു അറിയിച്ചു.