രാജ്യത്തെ സമാധാന അന്തരീക്ഷത്തിനുമേല്‍ അശാന്തിയുടെ കാര്‍മേഘങ്ങളാണിപ്പോള്‍ പടര്‍ന്നുകൊണ്ടിരിക്കുന്നത്. ഇതിനെതിരെ ശക്തമായ നടപടികള്‍ക്ക് ഭരണകൂടങ്ങള്‍ തയ്യാറായില്ലങ്കില്‍ വലിയ പ്രത്യാഘാതമാണ് ഉണ്ടാകുവാന്‍ പോകുന്നത്. കര്‍ണാടകയിലെ ഹിജാബ് നിരോധനത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടെഏകീകൃത സിവില്‍കോഡ് നടപ്പിലാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി നേതാക്കള്‍ തന്നെ ഇപ്പോള്‍ പരസ്യമായി രംഗത്തു വന്നിരിക്കുകയാണ്.
കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനും രാജ്യസഭ എം.പി. വിനയ് സഹസ്രബുദ്ധനെ ക്കും പിന്നാലെ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ഈ ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ്.ഏകീകൃത സിവില്‍ കോഡ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നാണ് ഗിരിരാജ് സിംഗ് തുറന്നടിച്ചിരിക്കുന്നത്. ‘യൂണിഫോം സിവില്‍ കോഡ് ‘ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിനാല്‍ എല്ലാവര്‍ക്കും ഒരു നിയമം വേണമെന്നതുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഉത്തരാഖണ്ഡില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്താല്‍ ഉടന്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമി വ്യക്തമാക്കിയിരിക്കുന്നത്. ഇതിനായി ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കാനായി സമിതി രൂപവത്കരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം എന്നിവയ്ക്ക് എല്ലാ മതത്തില്‍ പെട്ടവര്‍ക്കും ഒരേ നിയമം ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും തുല്യനീതിയും ലിംഗസമത്വവും സാമൂഹിക സൗഹാര്‍ദ്ദവും ശക്തിപ്പെടുത്താന്‍ ഏകീകൃത സിവില്‍ കോഡ് സഹായിക്കുമെന്നാണ് ഈ ബി.ജെ.പി മുഖ്യമന്ത്രി അവകാശപ്പെടുന്നത്.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിലേക്ക് വോട്ടെടുപ്പ് നടക്കുന്നതിന് തൊട്ടു മുന്‍പാണ് ഇത്തരമൊരു പ്രസ്താവന എന്നതും ശ്രദ്ധേയമാണ്. വാശിയേറിയ മത്സരമാണ് ഇത്തവണ ഉത്തരാഖണ്ഡില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ സാമുദായിക ധ്രുവീകരണത്തിനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നാണ് പ്രതിപക്ഷവും ആരോപിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത് നാളെ കേന്ദ്ര സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കാന്‍ പോകുന്നതാണെന്ന പ്രചരണം സോഷ്യല്‍ മീഡിയകളിലും നിലവില്‍ ശക്തമാണ്.
ഏകീകൃത സിവില്‍കോഡ് നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ പ്രഖ്യാപിത നയമാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം, ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം പിന്‍വലിക്കല്‍ എന്നിവയ്‌ക്കൊപ്പമുള്ള സംഘപരിവാറിന്റെ അനിഷേധ്യ അജന്‍ഡകളിലൊന്നു തന്നെയാണ് ഏകീകൃത സിവില്‍നിയമവും. ഈ നിയമം നടപ്പാക്കണമെന്ന കാര്യത്തില്‍ ആര്‍.എസ്.എസും ഉറച്ചു നില്‍ക്കുകയാണ്. ലോകസഭ തിരഞ്ഞെടുപ്പിനു മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ ആ നീക്കങ്ങളിലേക്ക് കടക്കുമെന്ന അഭ്യൂഹം ശക്തമായിരിക്കെയാണ് പ്രമുഖ ബി.ജെ.പി നേതാക്കള്‍ തന്നെ ഇപ്പോള്‍ ഇതേ ആവശ്യമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നത്.
ഏകീകൃത സിവില്‍ കോഡ് ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ തകര്‍ക്കുമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഹിന്ദുത്വവാദികള്‍ ന്യൂനപക്ഷസമുദായത്തെ ഒറ്റപ്പെടുത്താന്‍വേണ്ടി ഉപയോഗിക്കുന്ന ഉപകരണമായി ഇതു മാറുമെന്നതാണ് മുന്നറിയിപ്പ്. അതു കൊണ്ടു തന്നെ ഏകീകൃത സിവില്‍കോഡ്, ഇന്ത്യയുടെ മതേതരസ്വഭാവത്തിനും മതസ്വാതന്ത്ര്യത്തിനും എതിരാണെന്നതാണ് ഈ വിഭാഗത്തിന്റെ വാദം. ഇരു വിഭാഗത്തിന്റെയും വാദങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ ആവശ്യമാണെന്ന നിലപാടിനും പൊതു സമൂഹത്തില്‍ പിന്തുണ ഏറെയുണ്ട്.
സമഗ്രമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രം എടുക്കേണ്ട ഈ സെന്‍സിറ്റീവ് വിഷയമാണ് രാഷ്ട്രീയ ആയുധമായി ബി.ജെ.പി ഇപ്പോള്‍ മാറ്റിയിരിക്കുന്നത്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡിന് സമയമായെന്ന നിലപാടിലാണ് ബി.ജെ.പി നേതാക്കളെല്ലാം ഉറച്ചു നില്‍ക്കുന്നത്. അതു കൊണ്ടു തന്നെ ഇപ്പോള്‍ പുറത്തു വരുന്ന പ്രതികരണങ്ങളും ഒറ്റപ്പെട്ടതല്ലന്നു വ്യക്തം. പ്രകടനപത്രികയില്‍ പറഞ്ഞ കാര്യം നടപ്പാക്കാന്‍ തന്നെ ഉദ്ദേശിച്ചാണ് ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങും ഇക്കാര്യം മുന്‍പേ തന്നെ വ്യക്തമാക്കി കഴിഞ്ഞിട്ടുള്ളതാണ്. അയോധ്യയില്‍ രാമക്ഷേത്രം പണിയാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് തൊട്ടുപിന്നാലെയായിരുന്നു ഏകീകൃത സിവില്‍ കോഡിനു സമയമായെന്ന് രാജ്‌നാഥ് സിങ് പ്രതികരിച്ചിരുന്നത്.
അതേസമയം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള കമ്മിറ്റിക്കായി നിയമനിര്‍മ്മാണം നടത്താന്‍ വ്യവസ്ഥയുള്ള സ്വകാര്യ ബില്‍ അവതരണത്തെ ശക്തമായാണ് പാര്‍ലമെന്റില്‍ സി.പി.എം നേരിട്ടിരിക്കുന്നത്. ബി.ജെ.പി അംഗം ഡോക്ടര്‍ കിറോഡി ലാല്‍ മീണയുടെ പേരില്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും സി.പി.എമ്മിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറുകയാണുണ്ടായത്.
ഈ സ്വകാര്യബില്ലിന് രാജ്യസഭയില്‍ അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാവ് എളമരം കരീം എം.പിയാണ് രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവിന് കത്ത് നല്‍കിയിരുന്നത്. മുമ്പ് മൂന്നു തവണയും കിറോഡി ലാല്‍ മീണ ഇതേ ബില്ലുമായി വന്നപ്പോഴും സി.പി.എം എം.പിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്തിരിയേണ്ടി വന്നിരുന്നു. രാജ്യത്തെ മതസൗഹാര്‍ദവും സാമൂഹിക ഐക്യവും തകര്‍ക്കുന്ന നീക്കങ്ങളെ ശക്തമായി തുടര്‍ന്നും പ്രതിരോധിക്കുമെന്നാണ് സി.പി.എം വ്യക്തമാക്കിയിരിക്കുന്നത്.
EXPRESS KERALA VIEW