കോഴിക്കോട്: ഏകീകൃത സിവില്‍ കോഡിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെ എതിര്‍പ്പുയര്‍ത്തി മുസ്ലിംലീഗ് രംഗത്ത്.
മതേതരത്വത്തിന് ഭീഷണിയാണ് ഏകീകൃത സിവില്‍കോഡെന്ന് മുസ്ലിംലീഗ് എംപിയും നേതാവുമായ ഇ.ടി മുഹമ്മദ് ബഷീര്‍. മുസ്ലിം വ്യക്തിനിയമത്തിനും ശരിയത്തിനും എതിരാണ് ഏകീകൃത സിവില്‍ കോഡ്. അതുകൊണ്ട് തന്നെ ഇത് നടപ്പിലാക്കാനുളള നീക്കത്തിനെതിരെ മുസ്ലിം ലീഗ് ശക്തമായി രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യം ചര്‍ച്ച ചെയ്യാനായി മുസ്ലിം സംഘടനകളുടെ യോഗം വിളിക്കും. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. മങ്കടയില്‍ നടന്ന സദാചാരക്കൊലപാതകത്തില്‍ ലീഗ് പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കൊലപാതകത്തില്‍ രാഷ്ട്രീയ കാരണങ്ങള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.