തിരുവനന്തപുരം: ഏക സിവില്‍ കോഡിനെ അനുകൂലിച്ച് 1985ല്‍ സിപിഐ എം നിയമസഭയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയെന്ന മാതൃഭൂമിയുടെ വാദം തെറ്റ്. അന്ന് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയും മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ഏക സിവില്‍ കോഡില്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കുന്നതിനെ തുറന്നു കാട്ടുകയായിരുന്നു സിപിഐഎം.
1985 ജൂലൈ ഒമ്പതിന് ഉന്നയിച്ച നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടി നല്‍കേണ്ട കരുണാകരന്‍ സഭയില്‍നിന്ന് വിട്ടുനിന്നിരുന്നു. എം വി രാഘവന്റെയും സി ടി കൃഷ്ണന്റെയും രണ്ടു ചോദ്യത്തിന് മറുപടി നല്‍കിയത് അന്ന് ജലസേചനമന്ത്രിയായിരുന്ന എം പി ഗംഗാധരനായിരുന്നു. ഏക സിവില്‍ കോഡിനായി ന്യൂനപക്ഷങ്ങളില്‍ അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡുകളുടെ അഭിപ്രായം അറിയിക്കാന്‍ കേന്ദ്രത്തില്‍നിന്ന് ആവശ്യപ്പെട്ടിട്ടുണ്ടോ, പ്രശ്‌നത്തില്‍ കേരള സര്‍ക്കാരിന്റെ അഭിപ്രായം എന്തെന്ന് വ്യക്തമാക്കാമോ എന്നിവയായിരുന്നു ആ ചോദ്യങ്ങള്‍. ആദ്യത്തേതിന് ‘ഇല്ല’ എന്നും, രണ്ടാമത്തേതിന് ‘പ്രശ്‌നം സംബന്ധിച്ച് പുതുതായി ഒന്നും ആലോചനയില്‍ ഇല്ല’ എന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ഇതാണ് ഏക സിവില്‍ കോഡിന് 1985ല്‍ സിപിഐ എം അനുകൂലിച്ചെന്ന കഥ എഴുതാന്‍ മാതൃഭൂമി ഉപയോഗിച്ചത്.
ഇതിന്റെ ചുവടുപടിച്ച്, 44—ാം വകുപ്പ് പ്രായോഗികമാക്കാന്‍ കോമണ്‍ സിവില്‍ കോഡ് ഉണ്ടാകേണ്ടതിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരികവകുപ്പില്‍ സെക്കുലറായ ഉദ്യോഗസ്ഥനെ നിയമിച്ച് പ്രചാരണം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്ന വി ജെ തങ്കപ്പന്റെ ഉപചോദ്യത്തിന്, അങ്ങനെയൊരു നിയമനംകൊണ്ടോ, നിയമിക്കാതിരിക്കുന്നതുകൊണ്ടോ പ്രശ്നത്തിന് പരിഹാരമാകില്ലെന്നായി മന്ത്രിയുടെ മറുപടി. പ്രശ്നം പരിഹരിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും പറഞ്ഞു. ഇതിനെയും സിപിഐ എമ്മിന്റെ നിര്‍ദേശമാക്കി മാതൃഭൂമി ചിത്രീകരിച്ചു.
ഭരണഘടനയില്‍ നിര്‍ദേശകതത്വങ്ങള്‍ അടങ്ങിയ 44—ാം വകുപ്പ് എടുത്തുകളയണമെന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടോ എന്ന എം വി രാഘവന്റെ ഉപചോദ്യത്തിന്, ഏതെങ്കിലും വകുപ്പ് കളയുകയോ മാറ്റം വരുത്തുകയോ ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നുമാണ് മന്ത്രി നല്‍കിയ മറുപടി. ഏക സിവില്‍ കോഡ് നിര്‍ദേശിക്കുന്ന 44—ാം വകുപ്പ് നീക്കം ചെയ്യാന്‍ ഉദ്ദേശ്യമില്ലെന്ന രാജീവ് ഗാന്ധിയുടെ പ്രഖ്യാപനം ഇ കെ നായനാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ‘ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അഭിപ്രായത്തോട് മുഴുവനും യോജിക്കുന്നു’ എന്നായിരുന്നു മന്ത്രിയുടെ മറുപടി.