ഏക സിവില്‍കോഡിനെ അംഗീകരിക്കില്ല; പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍

ക സിവില്‍കോഡിനെ അംഗീകരിക്കില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍. നമ്മുടെ രാജ്യം എല്ലാ നിറത്തിലുള്ള പൂക്കളുമുള്ള ഒരു പൂച്ചെണ്ട് പോലെയാണ്. എന്തിനാണ് ആ പൂച്ചെണ്ടില്‍ ഒരൊറ്റ നിറം മാത്രമാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. എല്ലാ മതങ്ങള്‍ക്കും സമുദായങ്ങള്‍ക്കും മരണത്തിലും വിവാഹത്തിലുമെല്ലാം അവരുടേതായ ആചാരങ്ങളുണ്ട്. രാജ്യത്തെ വിഭജിക്കാനുള്ള ബി.ജെ.പിയുടെ തന്ത്രമാണ് ഇതെന്നും എല്ലാ മതങ്ങളുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കണമെന്നും ഭഗവന്ത് മാന്‍ പറഞ്ഞു. എല്ലാവരുമായി സംസാരിച്ച് സമവായത്തിലെത്താനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് അവര്‍ പറയുന്നു. സാമൂഹിക സമത്വം ഉണ്ടെങ്കില്‍ മാത്രം ഏക സിവില്‍കോഡ് നടപ്പാക്കണമെന്നാണ് ഭരണഘടന പറയുന്നത്. വിദ്യാഭ്യാസവും ജോലിയുമില്ലാത്ത നിരവധിപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സാമൂഹികമായി നമ്മളെല്ലാം തുല്യരല്ലെന്നും ഭഗവന്ത് മാന്‍ പറഞ്ഞു.തങ്ങള്‍ തത്വത്തില്‍ ഏക സിവില്‍കോഡിന് അനുകൂലമാണ് എന്നായിരുന്നു എ.എ.പി ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞിരുന്നത്. ആര്‍ട്ടിക്കിള്‍ 44 രാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കണമെന്നാണ് പറയുന്നത്. പക്ഷേ മതനേതാക്കളുമായും രാഷ്ട്രീയപ്പാര്‍ട്ടികളുമായും വിപുലമായ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top