ഇടക്കാല ബജറ്റ്: വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന്…

ന്യൂഡല്‍ഹി:മോദി സര്‍ക്കാര്‍ ഇന്ന് അവതരിപ്പിക്കാനിരിക്കുന്ന ഇടക്കാല ബജറ്റ് ചോര്‍ന്നുവെന്ന് കോണ്‍ഗ്രസ്.ബജറ്റിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിനല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ആരോപിച്ചു. ബജറ്റിന്റെ ഉള്ളടക്കം സഹിതമാണ് തിവാരി ആരോപണം ഉന്നയിച്ചത്.

അതേസമയം, ഇടക്കാല ബജറ്റ് അവതരിപ്പിക്കാനായി കേന്ദ്ര ധനകാര്യമന്ത്രി പീയുഷ് ഗോയല്‍ ധനകാര്യമന്ത്രാലയത്തില്‍ നിന്ന് പ്രധാന ബജറ്റ് രേഖകളുമായി പാര്‍ലമെന്റിലെത്തി.ഇതിന് മുന്നോടിയായി രാഷ്ട്രപതിയില്‍ നിന്ന് അംഗീകാരം തേടി.

രാവിലെ 11മണിക്കാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള ബജറ്റായതിനാല്‍ ജനപ്രിയമായ ഒത്തിരി പദ്ധതികള്‍ അതില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യവര്‍ഗ്ഗത്തിനും കര്‍ഷകര്‍ക്കും ഇളവുകള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍ മന്ത്രി പിയൂഷ് ഗോയല്‍ ആണ് ഇന്ന് ബജറ്റ് അവതരിപ്പിക്കുക. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുകയാണ് അരുണ്‍ ജയ്റ്റ്‌ലി. പിയൂഷ് ഗോയലിന്റെ കന്നി ബജറ്റാണിത്. ബജറ്റിന് അവസാന രൂപം നല്‍കിയ ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ മന്ത്രി പ്രതികരണത്തിന് തയ്യാറായില്ല. സമ്പൂര്‍ണ്ണ ബജറ്റായിരിക്കുമെന്ന് ആദ്യം സൂചന നല്‍കിയ സര്‍ക്കാര്‍ പിന്നീട് ഇടക്കാല ബജറ്റെന്ന് തിരുത്തി. എന്നാല്‍ ഒരു സാധാരണ ബജറ്റിന്റെ സ്വഭാവം തന്റെ ബജറ്റിന് ഉണ്ടാകുമെന്ന സൂചനയാണ് പിയൂഷ് ഗോയല്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നല്‍കിയത്.

അതേസമയം വോട്ട് ഓണ്‍ അക്കൗണ്ട് അവതരിപ്പിക്കണമെന്നും സമ്പൂര്‍ണ ബജറ്റ് പാടില്ലെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ബജറ്റ് അവതരണത്തിന് മുമ്പ് ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടാനാണ് പ്രതിപക്ഷ തീരുമാനം. നോട്ട് അസാധുവാക്കല്‍, ജി എസ് ടി എന്നിവക്ക് ശേഷം മധ്യവര്‍ഗ്ഗത്തിലുള്ള അതൃപ്തി പരിഹരിക്കാന്‍ ആദായ നികുതി സ്ലാബുകളില്‍ മാറ്റം വന്നേക്കാം. നിലവിലുള്ള രണ്ടര ലക്ഷം എന്നത് അഞ്ച് ലക്ഷം രൂപയാക്കുമെന്ന ഊഹാപോഹം നേരത്തെ സര്‍ക്കാര്‍ തള്ളിയിരുന്നു.

ബജറ്റില്‍ വനിത ക്ഷേമത്തിനായി 5000 കോടി രൂപ കൂടി മാറ്റിവെച്ചേക്കും. പ്രസവ അവധി കൂട്ടുന്നതുകാരണം സ്ഥാപനങ്ങള്‍ക്കുള്ള നഷ്ടത്തില്‍ ഒരു ഭാഗം സര്‍ക്കാര്‍ വഹിക്കാനുള്ള തുകയും മാറ്റിവെച്ചേക്കും. സാമ്പത്തിക സര്‍വ്വെ ബജറ്റിന് മുമ്പ് പാര്‍ലമെന്റില്‍ വെക്കാത്തതിന് ഒരു കാരണവും സര്‍ക്കാര്‍ വ്യക്തമാക്കിയില്ല.

ഏതായാലും കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്ക് നേരിട്ട് ധനസഹായം എത്തിക്കുന്ന പദ്ധതി ബജറ്റില്‍ പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ കേന്ദ്ര സര്‍ക്കാരിന്റെ ജനസ്വീകാര്യത ഈ ബജറ്റിലൂടെ ഉയര്‍ത്താന്‍ ശ്രമിക്കും എന്നു തന്നെയാണ് കരുതുന്നത്.

Top