കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലക്ക് അങ്ങേയറ്റം നിരാശയാണ് നല്‍കിയതെന്ന് കൃഷിമന്ത്രി

കോഴിക്കോട്: കേന്ദ്ര ബജറ്റ് കാര്‍ഷിക മേഖലക്ക് അങ്ങേയറ്റം നിരാശയാണ് നല്‍കിയതെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കര്‍ഷകര്‍ക്ക് സഹായം നല്‍കുന്ന ഒരു പദ്ധതിയും ബജറ്റില്‍ ഇല്ലെന്നും സ്‌പൈസ് ബോര്‍ഡിനുള്‍പ്പടെ യാതൊരു സഹായവും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലുണ്ടായ പ്രളയദുരിതത്തെ സഹായിക്കാനും പദ്ധതികളില്ല. പ്രളയത്തില്‍ കേരളം മരിച്ചില്ലെങ്കിലും ബജറ്റില്‍ മരിച്ചെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

അതേസമയം കാര്‍ഷിക വായ്പകള്‍ യഥാര്‍ത്ഥ കര്‍ഷകര്‍ക്ക് മാത്രം കിട്ടാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും നിലവിലെ വായ്പാ കണക്കുകള്‍ പരിശോധിച്ചാല്‍ കാര്‍ഷിക വായ്പ കൈപ്പറ്റിയവരും കര്‍ഷകരുടെ എണ്ണവും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും ഇക്കാര്യം ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

കാര്‍ഷിക സ്വര്‍ണവായ്പകള്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി മാത്രമേ നല്‍കാവൂ. അല്ലെങ്കില്‍ കൃഷിയാവശ്യത്തിന് മാത്രം വായ്പ എന്ന സാക്ഷ്യപത്രം ഹാജരാക്കിയ ശേഷം മാത്രം ലോണ്‍ അനുവദിക്കാവൂ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top