കേന്ദ്രബജറ്റ് തിങ്കളാഴ്ച;ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കടുത്ത സമ്മര്‍ദ്ദത്തില്‍

nirmala-sitharaman

ന്യൂഡല്‍ഹി:രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ തിങ്കളാഴ്ച അവതരിപ്പിക്കുന്ന ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന് കടുത്ത രാഷ്ട്രീയ വെല്ലുവിളി. ധനമന്ത്രിയെന്ന നിലയില്‍ തിളങ്ങാനായില്ലെന്ന വിമര്‍ശനവും മന്ത്രിയ്‌ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. കൊറോണ കാലത്തെ സമ്പദ് വ്യവസ്ഥ ദൈവത്തിന്റെ പരീക്ഷണം നേരിടുന്നുവെന്ന ധനമന്ത്രിയുടെ പ്രതികരണം സാമ്പത്തിക പ്രതിസന്ധിയുടെ ആഴം എത്രയെന്ന് വ്യക്തമാക്കുന്നതാണ്. ധനമന്ത്രിയായി നിര്‍മ്മല സീതരാമാന്‍ ചുമതലയേല്‍ക്കുമ്പോള്‍ തന്നെ പ്രതിസന്ധിയിലായിരുന്ന സമ്പദ് വ്യവസ്ഥ കൊവിഡോടെ കൂടുതല്‍ തകര്‍ച്ച നേരിട്ടു.

24 ശതമാനമാനം ഇടിവാണ് ഈ വര്‍ഷം ആദ്യപാദം സമ്പദ് വ്യവസ്ഥക്കുണ്ടായത്. രണ്ടാം പാദത്തില്‍ 7.5 ശതമാനം. ജിഡിപിയില്‍ ശരാശരി എട്ട് ശതമാനത്തിന്റെ ഇടിവ് പ്രതീക്ഷിക്കുന്നു. തൊഴില്‍ നഷ്ടത്തിന്റെ യഥാര്‍ത്ഥ കണക്കുകള്‍ ഇനിയും പുറത്ത് വന്നിട്ടില്ല. പൊതുമേഖലയില്‍ സര്‍ക്കാര്‍ തന്നെ കൂടുതല്‍ ചെലവഴിച്ച് പ്രതിസന്ധി നേരിടണം എന്നാണ് നിര്‍ദ്ദേശം ഉയരുന്നത്. എന്നാല്‍ ഇതിനുള്ള വരുമാനം എവിടെ എന്ന് ധനമന്ത്രിക്ക് പോലും വ്യക്തതയില്ല.

അഞ്ച് ട്രില്യണ്‍ സമ്പദ് വ്യവസ്ഥയെന്ന സ്വപ്ന പ്രഖ്യാപനം നിലനില്‍ക്കേ സമ്പദ് വ്യവസ്ഥക്കുണ്ടായ തകര്‍ച്ചയില്‍ കേന്ദ്രം കടുത്ത സമ്മര്‍ദ്ദത്തിലാണ്. മോശം പ്രകടനത്തിന്റെ പേരില്‍ നിര്‍മ്മല സീതാരാമനെ ഇടയ്ക്ക് മാറ്റാന്‍ ആലോചനകളുണ്ടായിരുന്നെങ്കിലും കൊവിഡ് സാഹചര്യം മൂലം തീരുമാനം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുപത് ലക്ഷം കോടി രൂപയുടെ ആത്മനിര്‍ഭര്‍ ഭാരത് അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും നടപ്പ് സാമ്പത്തിക വര്‍ഷം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ കൂടുതല്‍ പ്രതിസന്ധി നേരിടുമെന്ന പ്രവചനങ്ങള്‍ ധനമന്ത്രിക്കുള്ള വെല്ലുവിളി തന്നെയാണ്.

 

 

 

Top