ചെന്നൈ: കേന്ദ്രബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍. ബജറ്റ് കോടിപതികള്‍ക്ക് വേണ്ടിയുള്ളതാണെന്നും പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നോക്കക്കാര്‍ക്കും വേണ്ടി ബജറ്റില്‍ പ്രഖ്യാപനമൊന്നുമില്ലെന്നും സ്റ്റാലിന്‍ ആരോപിച്ചു.
‘കഴിഞ്ഞ ദിവസം കേന്ദ്ര ധനമന്ത്രി കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നത് നാം കേട്ടു. രണ്ടര മണിക്കൂറോളം നീണ്ടു നിന്ന ആ ബജറ്റ് അവതരണത്തില്‍ പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും വേണ്ടി ഒന്നുമുണ്ടായിരുന്നില്ല. കോടിപതികള്‍ക്ക് വേണ്ടിയുള്ള ഒരു പ്രസ്താവന പോലെയാണ് അത് അവതരിപ്പിക്കപ്പെട്ടത്.’ ചെന്നൈയില്‍ നടന്ന ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാത്രമല്ല ജനങ്ങള്‍ക്ക് പ്രത്യേകിച്ച് അടിച്ചമര്‍ത്തപ്പെടുന്നവര്‍ക്കുള്ള ക്ഷേമപദ്ധതികളൊന്നും അതില്‍ ഇല്ലെന്നും തൊഴിലില്ലായ്മയെ എങ്ങനെ നേരിടുമെന്ന് പറഞ്ഞിട്ടില്ലെന്നും ആകെ പറഞ്ഞത് പൊതുമേഖല സ്ഥാനപങ്ങളുടെ ഓഹരികള്‍ വിറ്റഴിക്കുന്ന കാര്യമാണെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.