കേന്ദ്ര മന്ത്രിസഭാ വകുപ്പുകള്‍ പ്രഖ്യാപിച്ചു; അമിത് ഷായ്ക്ക് സഹകരണ വകുപ്പ്

ന്യൂഡല്‍ഹി: പുതുക്കിയ രണ്ടാം മോദി മന്ത്രിസഭയിലെ വകുപ്പുകള്‍ സംബന്ധിച്ച് തീരുമാനമായി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനക്ക് തൊട്ട് മുമ്പ് രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും. മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയാകും. ധര്‍മ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും അശ്വിനി വൈഷ്‌ണോവിന് ഐടി വകുപ്പും റയില്‍വേയും ലഭിക്കും.

സര്‍ബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും ഒപ്പം തുറമുഖ ഷിപ്പിങ് ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹര്‍ദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും. കോണ്‍ഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ നൈപുണ്യവികസനം ഇലക്ട്രോണിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സഹമന്ത്രിയാകും.

സ്മൃതി ഇറാനി വനിത ശിശുക്ഷേമവും നിര്‍മ്മലാ സീതാരാമന്‍ ധനകാര്യ വകുപ്പും നിലനിര്‍ത്തി. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. പുരുഷോത്തം രൂപാലക്ക് ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകള്‍ ലഭിക്കും. അനുരാഗ് താക്കൂറിന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ലഭിക്കും. പശുപതി പരസിന് ഭക്ഷ്യ സംസ്‌കരണ മന്ത്രാലയവും, ഭൂപേന്ദ്ര യാദവിന് തൊഴില്‍ വകുപ്പും പരിസ്ഥിതി മന്ത്രാലയവും ലഭിക്കും. കിരണ്‍ റിജിജുവിന് നിയമവകുപ്പ് ലഭിക്കും.

ഗിരിരാജ് സിംഗിന് ഗ്രാമ വികസന വകുപ്പ് കൈകാര്യം ചെയ്യും. മലയാളി കൂടിയായ വി.മുരളീധരന്‍ സഹമന്ത്രിയായി തുടരും പാര്‍ലമെന്ററികാര്യവും വിദേശകാര്യവുമാണ് അദ്ദേഹത്തിന്റെ വകുപ്പുകള്‍. അനുപ്രിയ പട്ടേല്‍ വ്യവസായ വാണിജ്യ വകുപ്പ് സഹമന്ത്രിയാകും. റാവു ഇന്ദര്‍ജിത് സിംഗ്,ഡോ ജിതേന്ദ്ര സിംഗ് എന്നിവര്‍ക്കാണ് സ്വതന്ത്ര ചുമതല. കേന്ദ്ര മന്ത്രിസഭ യോഗം ഇന്ന് വൈകീട്ട് അഞ്ചിന് ചേരും.

Top