ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ മാപ്പ് അപേക്ഷിച്ചത് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമായിരുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സവര്‍ക്കറെ മോചിപ്പിക്കണമെന്ന് മഹാത്മാഗാന്ധി ആവശ്യപ്പെട്ടിരുന്നുവെന്നും അതിനായി പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഉദയ് മഹുര്‍ക്കര്‍ രചിച്ച ‘വീര്‍ സവര്‍ക്കര്‍: ദി മാന്‍ ഹു കുഡ് ഹാവ് പ്രിവന്റഡ് പാര്‍ട്ടിഷന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോചിപ്പിക്കപ്പെടുന്ന പക്ഷം സവര്‍ക്കര്‍ സമാധാനപരമായി പ്രക്ഷോഭം നടത്തുമെന്ന് ഗാന്ധി പറഞ്ഞിരുന്നതായും രാജ്‌നാഥ് സിംഗ് അവകാശപ്പെട്ടു. ‘വി ഡി സവര്‍ക്കര്‍ ഒരു ഫാസിസ്‌റ്റോ നാസിയോ ആയിരുന്നില്ല പകരമൊരു തികഞ്ഞ ദേശീയവാദിയായിരുന്നു. ഒരു സാമൂഹിക പരിഷ്‌കര്‍ത്താവും സ്വതന്ത്ര ഭാരതത്തിലെ ഏറ്റവും വലിയ ദാര്‍ശനികനുമായിരുന്നു സവര്‍ക്കര്‍. ഇന്ത്യന്‍ ചരിത്രത്തിലെ നായകനായിരുന്ന അദ്ദേഹം ഒരു വലിയ സ്വാതന്ത്ര്യസമര സേനാനിയുമായിരുന്നു. അദ്ദേഹത്തെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ക്ഷമിക്കാനാവുന്നതെല്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.