കോഴിക്കോട്: ആയുര്‍വേദത്തിന്റേയും പാരമ്പര്യ ചികിത്സാരംഗത്തിന്റേയും പ്രചാരത്തിന് കേന്ദ്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കോഴിക്കോട്ട് നടക്കുന്ന ഗ്ലോബല്‍ ആയുര്‍വേദ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ആയുര്‍വേദ രംഗത്തെ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ ആയുര്‍വേദ പരിശീലന സ്ഥാപനങ്ങള്‍ ആരംഭിക്കാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.
കേരളം ആയുര്‍വേദത്തിന്റെ നാടാണ്. ആയുര്‍വേദത്തിന്റെ പ്രശസ്തി കേരളത്തില്‍ മാത്രമായി ഒതുങ്ങുന്നില്ല. ലോകം മുഴുവന്‍ അത് വ്യാപിച്ചു കിടക്കുന്നു. അതിനാല്‍ ആയുര്‍വേദ ആശുപത്രികള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും വ്യാപകമായ പ്രചാരമാണ് ലഭിക്കുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.
ആയുര്‍വേദത്തിന്റെ പ്രചരണത്തിന് വേണ്ടിയാണ് ദേശീയ ആയുഷ് മിഷന്‍ എന്ന മന്ത്രാലയം തന്നെ ആരംഭിച്ചത്. മെഡിക്കല്‍ വിദ്യാഭ്യാസ സംവിധാനങ്ങളെ ശക്തിപ്പെടുത്തുക, സിദ്ധ-യുനാനി,ഹോമിയോപ്പൊതി മരുന്നകള്‍ ഉല്‍പാദിപ്പിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നിവയെല്ലാം ആയുഷിന്റെ കീഴിലെ സേവനങ്ങളാണ്.
യുവസംരംഭകര്‍ മരുന്നുല്‍പാദന, ഗവേഷണ രംഗങ്ങളിലേക്കു കടന്നുവരണം. മറ്റുള്ള രാജ്യങ്ങളില്‍ നിന്നുള്ള പാഠം ഉള്‍ക്കൊണ്ടും ആയുര്‍വേദം ഉള്‍പ്പെടെയുള്ള പരമ്പരാഗത ഇന്ത്യന്‍ ചികിത്സാ രീതികള്‍ക്കു പ്രചാരം നല്‍കുമെന്നും മോദി പറഞ്ഞു.
ദേശീയ ആയുര്‍വേദ ഗവേഷണ കേന്ദ്രം ആരംഭിക്കാന്‍ കേരളം ഒരുക്കമാണെന്നു ചടങ്ങില്‍ സംസാരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥാപനം കേരളത്തില്‍ അനുവദിക്കണമെന്നും പ്രധാനമന്ത്രിയോടു മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.