ന്യൂഡല്‍ഹി : കേരളത്തിന് എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) അനുവദിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡ. ലോക്‌സഭയില്‍ തിരുവനന്തപുരം എംപി ശശി തരൂരിന്റെ ചോദ്യത്തിലുള്ള മറുപടിയായാണ് നഡ്ഡ ഇക്കാര്യം അറിയിച്ചത്.
2015ല്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ എയിംസ് സ്ഥാപിക്കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടോ ഉണ്ടെങ്കില്‍ വിശദ വിവരങ്ങള്‍ എന്തൊക്കെ
എന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം. “ഇല്ല” എന്ന് ജെപി നഡ്ഡ മറുപടി നല്‍കി.
കേരളത്തിന്റെ എയിംസ് ആവശ്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ പറഞ്ഞിരുന്നു. ജെപി നഡ്ഡയെ കണ്ട ശേഷം വാര്‍ത്താസമ്മേളനത്തിലാണ് ശൈലജ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം വരെ കേരളം കേന്ദ്രത്തിന്റ പരിഗണനാ പട്ടികയില്‍ ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ നിലവില്‍ സജീവ പരിഗണനയിലാണെന്നും 2019ല്‍ കേന്ദ്ര സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നും ശൈലജ പറഞ്ഞിരുന്നു.
2016ലും എയിംസ് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നഡ്ഡ ഉറപ്പ് നല്‍കിയിരുന്നു. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.