ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയെ നിസ്സാരമായി കാണരതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍. കൊവിഡ് ബാധയുടെ കാര്യത്തിലും രോഗബാധ മൂലം മരിച്ചവരുടെ എണ്ണത്തിലും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്ത അവസരത്തിലാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. 237 കോടി രൂപയുടെ ആശുപത്രിയുടെ വിര്‍ച്വല്‍ ഉദ്ഘാടനമാണ് മന്ത്രി നിര്‍വ്വഹിച്ചത്.
കൊവിഡ് രോഗമുക്തി നിരക്ക് ദേശീയ തലത്തില്‍ 76.28 ശതമാനത്തിലെത്തി. അതേസമയം മരണനിരക്ക് 1.82 ആയി കുറഞ്ഞിട്ടുണ്ട്. ഏകദേശം നാലു കോടി ജനങ്ങളില്‍ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. ഇവയില്‍ വ്യാഴാഴ്ച മാത്രം ഒന്‍പത് ലക്ഷം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ‘ലോകത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് നമ്മുടെ രാജ്യം കൊവിഡിനെ പ്രതിരോധിക്കാന്‍ സജ്ജമാണ്. എന്നാല്‍ കൊറോണ വൈറസിനെ നിസ്സാരമായി കാണരുത്.’ മന്ത്രി പറഞ്ഞു.
‘പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നാം എല്ലാവരും ഐക്യത്തോടെ പ്രവര്‍ത്തിച്ചാല്‍ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടം ജയിക്കാന്‍ സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്.’ മധ്യപ്രദേശിലെ നാലഞ്ച് സ്ഥലങ്ങളില്‍ കൊവിഡ് ബാധ വളരെ കൂടുതലാണെന്നും അവിടങ്ങളില്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.