കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണം;കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് കേരളമുള്‍പ്പെടെ 14 സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ജൂണ്‍ 21 മുതല്‍ 27 വരെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളില്‍ രേഖപ്പെടുത്തിയ ജില്ലകളില്‍ നിയന്ത്രണ നടപടികള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
കേരളത്തില്‍ ടിപിആര്‍ 10 ശതമാനത്തില്‍ കൂടുതലുള്ള എട്ട് ജില്ലകളില്‍ അതീവ ജാഗ്രത വേണമെന്നാണ് നിര്‍ദേശം.

കോവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുമ്പോള്‍ കൃത്യമായ വിലയിരുത്തല്‍ വേണമെന്നം അവലോകനം വേണമെന്നും ആരോഗ്യമന്ത്രാലയെ സെക്രട്ടറി രാജേഷ് ഭൂഷണ്‍ അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ടെസ്റ്റ്, ട്രാക്കിങ് ഉള്‍പ്പെടെയുള്ള അഞ്ച് തന്ത്രങ്ങളില്‍ അധിഷ്ടിതമായി പ്രതിരോധം ശക്തിപ്പെടുത്താനും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തൊട്ടാകെ കോവിഡ് കേസുകളില്‍ ഇടിവ് രേഖപ്പെടുത്തുന്ന പ്രവണതയ്ക്ക് അനുസരിച്ച്, ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്ഥിതിഗതികള്‍ കര്‍ശനമായി നിരീക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തില്‍ പറഞ്ഞു. അതിനാല്‍, സംസ്ഥാനത്തുടനീളം ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ നടത്തണമെന്നും രാജേഷ് ഭൂഷണ്‍ കത്തില്‍ ആവശ്യപ്പെട്ടു.

രാജസ്ഥാന്‍, മണിപ്പൂര്‍, സിക്കിം, ത്രിപുര, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ഒഡീഷ, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, കേരളം, അരുണാചല്‍ പ്രദേശ്, ഹിമാചല്‍ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ആരോഗ്യ മന്ത്രാലയം കത്തയച്ചിരിക്കുന്നത്.

 

Top