‘പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ല’: അമിത് ഷാ

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ ഒരു സംസ്ഥാനത്തിനും അവകാശമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമ ഭേദഗതി എതിര്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെ ലക്ഷ്യം വെച്ചായിരുന്നു അമിത് ഷായുടെ പ്രസ്താവന. കേരളവും തമിഴ്‌നാടും ബംഗാളും പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുകയും സംസ്ഥാനത്ത് നടപ്പിലാക്കില്ല എന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. സുപ്രിം കോടതി ഇതുവരെ സിഎഎ സ്റ്റേ ചെയ്തിട്ടില്ലെന്നും നിയമം നടപ്പിലാക്കാന്‍ യാതൊരു തടസവുമില്ലെന്നും എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് കേന്ദ്രത്തിന് മാത്രമാണ് പൗരത്വം സംബന്ധിച്ച അധികാരം ഉള്ളത്. അതിനാല്‍ തന്നെ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാണ് സ്വീകരിക്കുന്നത്. ജില്ലാ കലക്ടര്‍മാര്‍ക്കാണ് നടത്തിപ്പ് ചുമതല. അപേക്ഷകരുമായി അഭിമുഖം നടത്തുന്നത് കേന്ദ്രമാണെന്നും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമം നടപ്പിലാക്കാതിരിക്കാന്‍ അവകാശമില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഇപ്പോഴുള്ള പ്രതിഷേധം തിരഞ്ഞെടുപ്പ് അജണ്ട മാത്രമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം എല്ലാവരും സഹകരിക്കുമെന്ന് ഉറപ്പാണെന്നും അമിത് ഷാ പറഞ്ഞു.

‘സിഎഎ നടപ്പിലാക്കുന്നത് നിരസിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടോ ഇല്ലെന്ന് അവര്‍ക്കും അറിയാം. പൗരത്വം സംബന്ധിച്ച നിയമങ്ങള്‍ നിര്‍മ്മിക്കാനുള്ള എല്ലാ അധികാരങ്ങളും ഭരണഘടനയുടെ 11-ാം അനുച്ഛേദം അനുസരിച്ച് പാര്‍ലമെന്റിനാണ്. പൗരത്വ നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും നടപ്പിലാക്കുന്നതും കേന്ദ്ര വിഷയമാണ്, സംസ്ഥാനങ്ങളുടെ വിഷയമല്ല.’ അമിത് ഷാ വ്യക്തമാക്കി.

Top