ന്യൂഡല്‍ഹി: യോഗി മന്ത്രിസഭയില്‍നിന്ന് മന്ത്രിമാര്‍ രാജിവച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ബിജെപി മുന്‍ പ്രസിഡണ്ടായിരുന്ന ഷായുടെ നേതൃത്വത്തിലാണ് 2017ലെ തെരഞ്ഞെടുപ്പിനെ പാര്‍ട്ടി നേരിട്ടിരുന്നത്. 403 അംഗ സഭയില്‍ മുന്നൂറിലേറെ സീറ്റുകള്‍ നേടി അന്ന് ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ ഷായുടെ നേതൃത്വത്തില്‍ തന്നെ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ പശ്ചിമ ബംഗാളില്‍ പാര്‍ട്ടി തോറ്റിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രത്യേക താത്പര്യമുണ്ട്. യുപിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് മോദി. ഇതുമാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ കൂടിയാണ് യുപിയിലെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിരുന്നത്.
മിക്ക പദ്ധതികള്‍ക്കും മോദി നേരിട്ടെത്തിയാണ് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയിരുന്നത്. ‘ബിജെപി പ്രസിഡണ്ടായിരുന്ന കാലത്തെ പോലെ അമിത് ഷായുടെ നിയന്ത്രണത്തിലേക്ക് കാര്യങ്ങള്‍ വന്നിരിക്കുന്നു. പാര്‍ട്ടി ഓഫീസില്‍ രാത്രി വൈകിയുള്ള ചര്‍ച്ചകള്‍ക്കു വരെ ചുക്കാന്‍ പിടിക്കുന്നത് അദ്ദേഹമാണ്’ ബിജെപി നേതാവ് ദ ടെലഗ്രാഫിനോട് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതും സഖ്യകക്ഷികളുമായുള്ള സീറ്റു പങ്കുവയ്ക്കല്‍ ചര്‍ച്ചയും ഷായുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വൈകാതെ തന്നെ ഇദ്ദേഹം സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്.
തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെ ‘പ്രഭാവം’ കുറയ്ക്കുക എന്ന ലക്ഷ്യവും കേന്ദ്ര നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പില്‍ അയോധ്യയില്‍ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിന് ഹൈക്കമാന്‍ഡ് തടയിട്ടത് ഇതിന്റെ ഭാഗമായാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് മോദിഷാ കൂട്ടുകെട്ടിന്റെ വിജയമായി ഉയര്‍ത്തിക്കാട്ടാനാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.