‘കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകൂ’: കര്‍ഷകരോട് അനുരാഗ് ഠാക്കൂര്‍

ഡല്‍ഹി: കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാന്‍ കര്‍ഷകരോട് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍. സന്ധി സംഭാഷണത്തിലൂടെ ഖത്തറില്‍ നിന്ന് മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ മടക്കിക്കൊണ്ടുവന്ന കാര്യം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ നിര്‍ദേശം. കര്‍ഷകര്‍ പുതിയ ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതുകൊണ്ടാണ് ചര്‍ച്ച നീണ്ടുപോകുന്നതെന്ന് മന്ത്രി പറഞ്ഞു.സമരക്കാര്‍ അക്രമങ്ങളിലേക്ക് തിരിയരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.

വധശിക്ഷ കാത്ത് ഖത്തര്‍ ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ ഇന്ത്യന്‍ നാവിക ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു വരാമെങ്കില്‍, റഷ്യയുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ യുക്രെയ്‌നില്‍ കുടുങ്ങിയ 27,000 ഇന്ത്യക്കാരെ ഓപ്പറേഷന്‍ ഗംഗയിലൂടെ രക്ഷപ്പെടുത്തി കൊണ്ടുവരാന്‍ കഴിയുമെങ്കില്‍, കോവിഡ് കാലത്ത് കോടിക്കണക്കിന് ഇന്ത്യക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍. ഇതെല്ലാം ചര്‍ച്ചകളിലൂടെ സാധിച്ചതാണ്. അതുകൊണ്ട് എന്റെ കര്‍ഷക സഹോദരന്മാരോട് കേന്ദ്രവുമായി ചര്‍ച്ച തുടരാന്‍ ഞാന്‍ അഭ്യര്‍ഥിക്കുകയാണ്.” അനുരാഗ് ഠാക്കൂര്‍ പറഞ്ഞു.

കേന്ദ്രമന്ത്രിമാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനായി രാത്രി വരെ ഇരുന്നെങ്കിലും കര്‍ഷകരുടെ പ്രതിനിധികള്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയെന്ന് അദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായ ചര്‍ച്ചകളിലൂടെ മാത്രമേ പ്രശ്‌നപരിഹാരം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന പാലനത്തിന് വേണ്ടിയാണ് പൊലീസ് ഇരുമ്പുവേലികളും ബാരിക്കേഡുകളും സ്ഥാപിക്കുന്നത്. രാജ്യത്തിന് നഷ്ടം വരുത്തിവയ്ക്കുമെന്നതിനാല്‍ അക്രമങ്ങളിലേക്ക് കര്‍ഷകര്‍ തിരിയരുത്. സമരം കാരണം നിരവധി സാധാരണക്കാരാണ് ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത്, ഇക്കാര്യങ്ങള്‍ കര്‍ഷകര്‍ ശ്രദ്ധിക്കണം. അനുരാഗ് പറഞ്ഞു.

അധികാരത്തിലെത്തുകയാണെങ്കില്‍ കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്ന കാലത്ത് സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ പോലും നടപ്പാക്കിയില്ല. അദ്ദേഹം കുറ്റപ്പെടുത്തി. രാഹുല്‍ അധികാരത്തില്‍ വരാനും പോകുന്നില്ല, കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യാനും പോകുന്നില്ല. അനുരാഗ് പറഞ്ഞു.

Top