ഭഗല്‍പൂര്‍ : ബിഹാറിലെ ഭഗല്‍പൂരിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട ബിജെപി നേതാവും കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബേയുടെ മകനുമായ അരിജിത് ശാശ്വതിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച അര്‍ധരാത്രിയോടെ ബിഹാര്‍ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപത്തു വെച്ചാണ് അറസ്റ്റുണ്ടായത്. പൊലീസ് അരിജിതിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്.
മാര്‍ച്ച് 17ന് ഭഗല്‍പൂരില്‍ അനുമതിയില്ലാതെ രാമനവമി ആഘോഷത്തിന് നേതൃത്വം നല്‍കിയത് അരിജിത് ശാശ്വതായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുകയും സംഘര്‍ഷത്തിന് വഴിവെക്കുന്ന വിധത്തില്‍ അരിജിത് പ്രസംഗിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഭഗല്‍പൂരിലും സമീപ പ്രദേശങ്ങളിലും വര്‍ഗീയ കലാപമുണ്ടായത്.
അരിജിതിനെ അറസ്റ്റ് ചെയ്യാന്‍ നിതീഷ് സര്‍ക്കാരിന് ധൈര്യമില്ലെന്ന വിമര്‍ശവുമായി ആര്‍ജെഡി ഉള്‍പ്പെടെയുള്ള പ്രതിപക്ഷം രംഗത്തെത്തിയതിന് പിന്നാലെയാണ് അറസ്റ്റുണ്ടായത് എന്നതും ശ്രദ്ധേയമാണ്.