അബുദാബിയിലെ ബാപ്‌സ് ഹിന്ദു ക്ഷേത്രം സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍

അബുദാബി: അബുദാബിയിലെ ബാപ്‌സ് ഹിന്ദു മന്ദിറിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ബാപ്സ് ഹിന്ദു ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ നിരന്തരമായ പിന്തുണയ്ക്ക് മന്ത്രി നന്ദി അറിയിച്ചു. യുഎഇയില്‍ സമ്പന്നമായ ഇന്ത്യന്‍ സംസ്‌കാരവും പൈതൃകവും പ്രോത്സാഹിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ശാശ്വതമായ ബന്ധം ശക്തിപ്പെടുത്തുന്നതിനും ക്ഷേത്രത്തിന്റെ പ്രാധാന്യവും അദ്ദേഹം പറഞ്ഞു.ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും മന്ത്രിയെ അനുഗമിച്ചു.

വിദ്യാഭ്യാസ, തൊഴില്‍ പരിശീലന മേഖലയില്‍ ഇന്ത്യയും യുഎഇയും സഹകരണം ശക്തമാക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. ഇതുസംബന്ധിച്ച് 2 കരാറുകള്‍ ഒപ്പുവച്ചതായും പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും അനാഛാദനം ചെയ്ത വിഷന്‍ ഡോക്യുമെന്റിന്റെ ഭാഗമായാണ് സഹകരണം ശക്തിപ്പെടുത്തിയത്. പ്രഫഷനല്‍ നിലവാരം മെച്ചപ്പെടുത്തുന്നതിനും പരസ്പരം സഹകരിക്കും.

യുഎഇ തൊഴില്‍ വിപണിക്ക് ആവശ്യമായതും ഭാവിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതവുമായ നിലയില്‍ ഉദ്യോഗാര്‍ഥികളെ വാര്‍ത്തെടുക്കും. ഉന്നതവിദ്യാഭ്യാസ രംഗത്ത് ആവശ്യമായ മാറ്റം വരുത്തും. ഡിപി വേള്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് റിക്രൂട്ടിങ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രി ഉറപ്പുനല്‍കി.

ഇതിനാവശ്യമായ നൈപുണ്യവികസന സംവിധാനം സംയുക്തമായി ഒരുക്കും. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം തൊഴില്‍ പരിശീലനവും നല്‍കും വിധം പാഠ്യപദ്ധതി പരിഷ്‌കരിക്കും. ഹ്രസ്വ, ദീര്‍ഘകാല പരിശീലന പരിപാടികളും സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ നൈപുണ്യ വികസന കോര്‍പറേഷനുമായി ഡിപി വേള്‍ഡ് സഹകരിക്കുന്നുണ്ട്.

Top