ദളിത്-മറാത്ത സംഘര്‍ഷത്തില്‍ ജിഗ്‌നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി

JIGNESH MEWANI

മുംബൈ: പൂനെയില്‍ ഭീമ കൊരെഗാവ് സ്മാരക പരിപാടിയോടനുബന്ധിച്ച് നടന്ന ദലിത് മാര്‍ച്ചിന് നേരെയുണ്ടായ ആക്രമണവുമായി ഗുജറാത്ത് യുവ എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിക്ക് പങ്കില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ.

പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് ജിഗ്‌നേഷിനെതിരെ കേസെടുത്ത പശ്ചാത്തലത്തിലായിരുന്നു ദലിത് നേതാവും മോദി സര്‍ക്കാരിലെ അംഗവും കൂടിയായ രാംദാസിന്റെ വിശദീകരണം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് ജിഗ്‌നേഷ് മേവാനിയുടെ നിരപരാധിത്വം രാംദാസ് വ്യക്തമാക്കിയത്.

സംഘര്‍ഷമുണ്ടായ ജനുവരി ഒന്നിനു മുമ്പുതന്നെ പൂനെ അസ്വസ്ഥമായിരുന്നെന്നും, അതേസമയത്തായിരുന്നു മേവാനിയുടെ ശനിവാര്‍വാഡയിലെ പ്രസംഗമെന്നും, അദ്ദേഹം ഭീമ കൊരെഗാവില്‍ പോയിട്ടില്ലെന്നും രാംദാസ് ചൂണ്ടിക്കാട്ടി.

മേവാനിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രശംസിച്ച മന്ത്രി, ദലിത് യുവാക്കള്‍ രാഷ്ട്രീയ മുഖ്യധാരയിലേക്ക് വരുന്നത് നല്ലകാര്യമാണെന്നുംഅഭിപ്രായപ്പെട്ടു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാതെ ഐക്യപ്പെടുത്തണമെന്നാണ് തന്റെ ഉപദേശമെന്നും രാംദാസ് കൂട്ടിച്ചേര്‍ത്തു.

Top