ഹൈദരാബാദ്: ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ‘ഭാരത് മാതാ കീ ജയ്’ വിളിക്കണമെന്ന് കേന്ദ്രമന്ത്രി കൈലാഷ് ചൗധരി. ഇന്ത്യയില്‍ നിന്നുകൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവര്‍ നരകത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദില്‍ ബിജെപി സംഘടിപ്പിച്ച കര്‍ഷക കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര കൃഷി സഹമന്ത്രി.
ഹൈദരാബാദിലെ ജനപ്രതിനിധികള്‍ ഉപയോഗിക്കുന്ന ഭാഷയെ പരാമര്‍ശിച്ച അദ്ദേഹം അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സര്‍ക്കാര്‍ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും പറഞ്ഞു. ഇന്ത്യയില്‍ ജീവിക്കുമ്പോള്‍ ‘പാകിസ്താന്‍ സിന്ദാബാദ്’ എന്ന് പറയാന്‍ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവര്‍ക്കേ ഇന്ത്യയില്‍ സ്ഥാനമുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുസ്ഥാനില്‍ വിശ്വസിക്കാതെ, പാകിസ്താനില്‍ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേര്‍ത്തു. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയില്‍ നദീജലം വിഭജിക്കുന്നത് നിയന്ത്രിക്കുന്ന കൃഷ്ണ ജല തര്‍ക്ക ട്രിബ്യൂണലിന്റെ ടേംസ് ഓഫ് റഫറന്‍സ് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച സാഹചര്യത്തിലാണ് കര്‍ഷക കണ്‍വെന്‍ഷന്‍ ബിജെപി സംഘടിപ്പിച്ചത്.