അബുദബി: ഇന്ത്യ-യുഎഇ വ്യാപാര ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍ അബുദബിയിലെത്തി. ഇന്ത്യയുടെ വ്യവസായ മന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം മൂന്നാം തവണയാണ് പിയൂഷ് ഗോയല്‍ യുഎഇയിലെത്തുന്നത്. ഊര്‍ജ്ജം, ഭക്ഷ്യസുരക്ഷ, ആരോഗ്യം തുടങ്ങിയ മേഖലകളിലെ നിക്ഷേപങ്ങളെ കുറിച്ച് അബുദബി നിക്ഷേപ അതോറിറ്റി തലവന്‍ ഷെയ്ഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തി. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ സെപ കരാറിനെ കുറിച്ചും വിലയിരുത്തലുകള്‍ നടന്നു.
അബുദബി നിക്ഷേപ അതോറിറ്റി തലവനുമായി നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതുള്‍പ്പടെയുള്ള നിരവധി കാര്യങ്ങള്‍ ചര്‍ച്ചയായി. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തില്‍ നാലാം സ്ഥാനത്താണ് യുഎഇ. ഇന്ത്യ-യുഎഇ സ്റ്റാര്‍ട്ട് അപ്പ് ബ്രിഡ്ജും, അബുദബി ഇന്ത്യ വിര്‍ച്വല്‍ ട്രേഡ് കോറിഡോറും ഉള്‍പ്പടെയുള്ള പുതിയ സംരഭങ്ങളും ചര്‍ച്ചയായി.
റുപെ കാര്‍ഡ് മോഡലില്‍ പുതിയ കാര്‍ഡ് അവതരിപ്പിക്കാനായി നാഷണല്‍ പെയ്‌മെന്റ് കോര്‍പറേഷനും എത്തിഹാദ് പെയ്‌മെന്റ്‌സും തമ്മില്‍ ഉഭയകക്ഷി കരാറില്‍ ഒപ്പുവെച്ചു. സ്‌പെയ്‌സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പുനരുപയോഗ ഊര്‍ജ്ജം, തുടങ്ങിയ വിഷയങ്ങളിലെ കൂടുതല്‍ സഹകരണത്തിന് യുഎഇ വാണിജ്യ മന്ത്രി ഡോക്ടര്‍ സുല്‍ത്താന്‍ അഹമ്ദ് അല്‍ ജാബിറുമായും മന്ത്രി കരാര്‍ ഒപ്പുവെച്ചു.