ന്യൂഡല്‍ഹി: കേന്ദ്ര ഇലക്ട്രോണിക്സ്, ഐ.ടി, നൈപുണി വികസനം സഹമന്ത്രിയും മലയാളിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ട്വിറ്റര്‍ അക്കൗണ്ടിനു ‘ബ്ലൂ ടിക്’ നഷ്ടമായി. വെരിഫൈഡ് അക്കൗണ്ടുകള്‍ക്കാണ് ട്വിറ്റര്‍ ‘ബ്ലൂ ടിക്’ ചിഹ്നം അനുവദിക്കുന്നത്. തിങ്കളാഴ്ച രാവിലെ ചിഹ്നം നഷ്ടമായെങ്കിലും മണിക്കൂറുകള്‍ക്കകം ഇത് ട്വിറ്റര്‍ തിരികെ നല്കി. ചില ട്വിറ്റര്‍ ഉപയോക്താക്കള്‍ കമ്പനിയുടെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരുന്നു.
കേന്ദ്രമന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ചന്ദ്രശേഖര്‍ തന്റെ അക്കൗണ്ടിന്റെ പേര് രാജീവ്_mp എന്നുള്ളത് രാജീവ്_GOI എന്നാക്കി മാറ്റിയതാണ് ‘ബ്ലൂ ടിക്’ ചിഹ്നം നഷ്ടപ്പെടാന്‍ കാരണമെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. തങ്ങളുടെ നയപ്രകാരം ഒരു ഉപയോക്താവ് പേരില്‍(യൂസര്‍ നെയിം) മാറ്റം വരുത്തിയാല്‍ സ്വാഭാവികമായും ബ്ലൂ ടിക് ചിഹ്നം നീക്കം ചെയ്യുപ്പെടുമെന്ന് അവര്‍ അറിയിച്ചു. ഉപയോക്താവ് ആറു മാസത്തിലേറെ അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലും ഇങ്ങനെ സംഭവിക്കുമെന്ന് കമ്പനി വ്യക്തമാക്കി.