‘സനാതമ ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യും’; കേന്ദ്രമന്ത്രി

ജയ്പൂര്‍: സനാതമ ധര്‍മത്തെ എതിര്‍ക്കുന്നവരുടെ നാവ് പിഴുതെടുക്കുകയും കണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്. ബിജെപിയുടെ പരിവർത്തൻ സങ്കൽപ് യാത്രയ്ക്കിടെ രാജസ്ഥാനിലെ ബാർമറിലാണ് മന്ത്രിയുടെ പരാമര്‍ശമെന്ന് ഇന്ത്യാടുഡെ റിപ്പോര്‍ട്ട് ചെയ്തു. നമ്മുടെ പൂർവികർ ജീവൻ പണയം വച്ച് സംരക്ഷിച്ചു പോന്ന സനാതന ധർമം ഉന്മൂലനം ചെയ്യാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി.

“ഞങ്ങൾ ഇനിയും ഇത് സഹിക്കില്ല. സനാതന ധർമത്തിനെതിരെ സംസാരിക്കുന്നവരെ ഒരു കാര്യം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരുടെ നാവ് പിഴുതെടുക്കും. പുച്ഛത്തോടെ നോക്കുന്നവരുടെ കണ്ണുകള്‍ ചൂഴ്ന്നെടുക്കും”- മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത് പറഞ്ഞു. സനാതന ധർമത്തിനെതിരെ സംസാരിക്കുന്ന ആർക്കും രാജ്യത്ത് രാഷ്ട്രീയത്തില്‍ ശക്തരാവാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.

എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി മന്ത്രിയുടെ വീഡിയോ എക്സില്‍ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ചു- “ജി 20 അവസാനിച്ചു. പ്രഖ്യാപനത്തിലെ 78ആം പോയിന്റിന് പ്രസക്തിയില്ല. മോദി മന്ത്രിസഭയിലെ ബഹുമാനപ്പെട്ട മന്ത്രി അക്രമത്തിനായി വാദിക്കുന്നു. ഇനി അതിന്റെ സീസണായിരിക്കും”.

ചെന്നൈയില്‍ നടന്ന സമ്മേളനത്തില്‍ തമിഴ്നാട് മന്ത്രിയും എം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിനാണ് സനാതന ധര്‍മത്തെ വിമര്‍ശിച്ചത്. ചില കാര്യങ്ങൾ എതിർക്കാനാവില്ല. അതിനെ ഉന്മൂലനം ചെയ്യണം. നമുക്ക് ഡെങ്കിപ്പനി, മലേറിയ, കോവിഡ് എന്നിവയെ എതിർക്കാനാവില്ല. നിർമാർജനം ചെയ്യാനേ കഴിയൂ. അങ്ങനെതന്നെയാണ് സനാതനവും. അതിനെ എതിർക്കുന്നതിൽ ഉപരിയായി നിര്‍മാർജനം ചെയ്യുകയാണ് വേണ്ടത്. സനാതന ധർമമെന്ന വാക്ക് സംസ്കൃതത്തിൽ നിന്നാണ് വന്നത്. ഇതു സാമൂഹ്യനീതിക്കും സമത്വത്തിനും എതിരാണ്. മാറ്റാൻ കഴിയാത്തതെന്നും ചോദ്യംചെയ്യാൻ പാടില്ലാത്ത് എന്നുമാണ് ഇതിന്റെ അർഥമെന്നും ഉദയനിധി പറഞ്ഞു.

പിന്നാലെ ബിജെപി ഐടി സെല്‍ തലവന്‍ അമിത് മാളവ്യ ഈ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് വഴി പ്രചരിപ്പിച്ചു. ഉദയനിധി ഇന്ത്യയിലെ 80 ശതമാനം ജനങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് ആരോപിക്കുകയും ചെയ്തു. പിന്നാലെ എക്സില്‍ തന്നെ ഉദയനിധി മറുപടി നല്‍കി. താന്‍ വംശഹത്യയ്ക്ക് ആഹ്വാനം ചെയ്തെന്ന് പറയുന്നത് ബാലിശമാണ്. ചിലര്‍ ദ്രാവിഡം ഇല്ലാതാക്കണമെന്ന് പറയുന്നു. അതിനര്‍ത്ഥം ഡിഎംകെക്കാരെ കൊല്ലണം എന്നാണോ? കോൺഗ്രസ് മുക്ത് ഭാരത് എന്ന് പ്രധാനമന്ത്രി മോദി പറയുമ്പോൾ അതിനർത്ഥം കോൺഗ്രസുകാരെ കൊല്ലണം എന്നാണോ എന്നും ഉദയനിധി ചോദിച്ചു.

ഉദയനിധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി വേണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ആര്‍ എന്‍ രവിയെ കണ്ടു. ഉദയനിധി വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തി. വിനീത് ജൻഡാലെന്ന അഭിഭാഷകനാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

 

Top