ന്യൂഡല്‍ഹി: ബിരുദ വിവാദത്തില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തന്നെ അപമാനിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ സംരക്ഷിക്കാനാണെന്ന് സ്മൃതി ഇറാനി പറഞ്ഞു. വിവാദം കോണ്‍ഗ്രസ് നിര്‍മ്മിതമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
2014 ആഗസ്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ യേല്‍ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയെന്നായിരുന്നു സ്മൃതി ഇറാനി അവകാശപ്പെട്ടിരുന്നത്. എന്നാലിതിനെ എതിര്‍ത്ത കോണ്‍ഗ്രസ് എന്തുകൊണ്ട് ഇക്കാര്യം തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ പറഞ്ഞില്ലെന്ന് ചോദിച്ച് വിമര്‍ശനവുമായി രംഗത്തെത്തി. 2004ല്‍ ചാന്ദ്‌നി ചൗകില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ മത്സരിച്ച സ്മൃതി ഇറാനി, ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് 1996ല്‍ ബി എ ബിരുദം നേടിയെന്നായിരുന്നു എഴുതിയിരുന്നത്.
എന്നാല്‍ 2014ല്‍ അമേഠിയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ പത്രിക നല്‍കിയപ്പോള്‍ കേന്ദ്രമന്ത്രി 1994ല്‍ വിദൂരവിദ്യാഭ്യാസം വഴി ബി കോം പഠനം പൂര്‍ത്തിയാക്കി എന്നാണ് എഴുതിയിരുന്നത്. എന്നാല്‍ ഏറ്റവുമൊടുവില്‍ ഇപ്പോള്‍ 2019ല്‍ അമേഠിയില്‍ നിന്ന് നല്‍കിയ പത്രികയില്‍ സ്മൃതി ഇറാനി എഴുതിയിരിക്കുന്നത് ഇതേ കോഴ്‌സിന് ചേര്‍ന്നിരുന്നെന്നും എന്നാല്‍ പഠനം പൂര്‍ത്തിയാക്കിയിരുന്നില്ലെന്നാണ്.
തെറ്റായ വിവരങ്ങള്‍ നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്മൃതി ഇറാനി തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. കോണ്‍ഗ്രസ് ദേശീയ വക്താവ് പ്രിയങ്ക ചതുര്‍വേദിയാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെരഞ്ഞെടുപ്പ് കമ്മീഷനോട് കള്ളം പറഞ്ഞെന്ന ആരോപണം ഉന്നയിച്ചത്.