തിരുവനന്തപുരം: നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരന്‍. ഹൃദയഭൂമിയിലെ താമരത്തേരോട്ടം സമാനതകളില്ലാത്തത്. നരേന്ദ്ര മോദിയുടെ സദ്ഭരണത്തെ വീണ്ടും നെഞ്ചേറ്റിയ ഭാരതജനതയ്ക്ക് നന്ദിയെന്നും വി മുരളീധരന്‍ പറഞ്ഞു.
വികസനവും ക്ഷേമവും അനുഭവിച്ചറിഞ്ഞ ജനതയുടെ വിധിയാണിത്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ കരുത്ത് ഭാരതഹൃദയം മനസിലാക്കിയിരിക്കുന്നുവെന്നും വി മുരളീധരന്‍ വ്യക്തമാക്കി. നേരത്തെ ബിജെപിയുടെ വിജയത്തില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.
തോല്‍വി അംഗീകരിക്കാതെ ജനങ്ങളെ തമ്മില്‍ തല്ലിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസ് പരാജയത്തില്‍ നിന്നും പാഠം പഠിക്കാന്‍ ശ്രമിക്കണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. ജാതി കാര്‍ഡ്, ഹിന്ദു പാര്‍ട്ടി, ഫ്രീബി പൊളിറ്റിക്സ് , വോട്ടിംഗ് യന്ത്രങ്ങളിലെ തിരിമറി തുടങ്ങിയ പരമ്പരാഗത ക്യാപ്‌സൂളുകള്‍ പരാജയപ്പെട്ടപ്പോള്‍, ഇന്നത്തെ ദയനീയ പരാജയത്തിന് ശേഷം കോണ്‍ഗ്രസ് ആരംഭിച്ച പുതിയ ഒന്നാണ് ‘സൗത്ത് -നോര്‍ത്ത് ‘ എന്ന വിഘടനവാദത്തിലേക്ക് നയിക്കുന്ന ക്യാപ്‌സ്യൂളെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഈ കൂട്ടരാണ് ഭാരതത്തെ ഒന്നിപ്പിക്കാനെന്ന പേരില്‍ ‘ഭാരത് ജോഡോ യാത്ര’നടത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.