തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥ് ജീവനൊടുക്കിയ സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസ് എടുക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. കോളേജ് അധികൃതര്‍ക്കെതിരെ നടപടി വേണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു. ഗവര്‍ണര്‍ എസ്എഫ്‌ഐക്കാരെ ക്രിമിനല്‍ എന്ന് വിളിച്ചത് വളരെ ശരിയായാണ്. അത് തെളിയിക്കുന്നതാണ് പൂക്കോട് കോളേജില്‍ നടന്നിരിക്കുന്നതെന്നും വി മുരളീധരന്‍ കൂട്ടിചേര്‍ത്തു.
ഡീനിനെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. അവര്‍ക്കെതിരെ സസ്പെന്‍ഷനോ തുടര്‍നടപടികളോ ഉണ്ടാകുന്നില്ല. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് വി മുരളീധരന്‍ ആരോപിച്ചു. സിദ്ധാര്‍ഥിന്റെ കുടുംബത്തോടൊപ്പം നിന്ന് ബിജെപി പോരാടും. സിദ്ധാര്‍ത്ഥിനെ എസ്എഫ് ഐ ഗുണ്ടകള്‍ കൊല ചെയ്ത സംഭവത്തില്‍ നിരവധി പ്രതികള്‍ ഇപ്പോഴും കാണാമറയത്താണ്. സിപിഐഎമ്മാണ് ഇവരെ സംരക്ഷിക്കുന്നത്. ടി പി വധക്കേസില്‍ പ്രതികളെ സിപിഎം സംരക്ഷിച്ചത് എങ്ങനെ എന്ന് കേരളം കണ്ടതാണെന്നും വി മുരളീധരന്‍ പറഞ്ഞു.
മുഖ്യമന്ത്രിക്ക് വിഷയത്തില്‍ ഒന്നും പറയാനില്ല. മുഖ്യമന്ത്രി മരപ്പട്ടി കഥയാണ് പറയുന്നത്. മരപ്പട്ടിക്ക് കൂട്ട് നില്‍ക്കുന്നവര്‍ ആണോ ക്ലിഫ് ഹൗസില്‍ നില്‍ക്കുന്നത്. ജനങ്ങള്‍ക്ക് അറിയേണ്ടത് മുഖ്യമന്ത്രിയുടെ ഇസ്തിരി ഇട്ട വസ്ത്രത്തില്‍ മരപ്പട്ടി മൂത്രമൊഴിച്ച കഥയല്ല.ആരുടെ നിര്‍ദേശപ്രകാരമാണ് പൊലീസ് ഇത് ആത്മഹത്യാ കേസ് മാത്രമാക്കി തേച്ചു മായ്ക്കാന്‍ ശ്രമിച്ചത് എന്നും അന്വേഷിക്കണം. ആര് ശ്രമിച്ചാലും, കേസ് തേച്ച് മായ്ച്ച് കളയാന്‍ സമ്മതിക്കില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.