അയോധ്യ സന്ദർശനം മാർച്ചിലേക്ക് നീട്ടാൻ കേന്ദ്രമന്ത്രിമാർക്ക് നിർദേശം

തിരക്കിട്ട് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാൻ പോകേണ്ടെന്ന് കേന്ദ്രമന്ത്രിമാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. കനത്തതിരക്ക് അനുഭവപ്പെടുന്നതിനാൽ മാർച്ചിൽ ക്ഷേത്രം സന്ദർശിച്ചാൽ മതിയെന്നാണ് മന്ത്രിസഭായോഗത്തിൽ മോദി നിർദേശം നൽകിയത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ജനുവരി 22ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രത്തിൽ അഭൂതപൂർണമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഇപ്പോൾ വിഐപികൾ ക്ഷേത്രം സന്ദർശിച്ചാൽ അവരുടെ പ്രോട്ടോക്കോളും സുരക്ഷയും പൊതുജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കും. അതുകൊണ്ട് അയോധ്യാ സന്ദർശനം മാർച്ചിലേക്കു നീക്കിവയ്ക്കണമെന്ന് മോദി മന്ത്രിസഭായോഗത്തിൽ നിർദേശിക്കുകയായിരുന്നു.

തിങ്കളാഴ്ചത്തെ പ്രാണപ്രതിഷ്ഠയ്ക്കുശേഷം ചൊവ്വാഴ്ചയാണ് ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. കനത്ത തിരക്ക് അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും സഹിഷ്ണുത കാട്ടണമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭ്യർഥിച്ചു. എല്ലാവർക്കും ദർശനത്തിന് സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പുലർച്ചെ ആറ് മുതലാണ് ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനാകുക.

Top