ന്യൂഡല്‍ഹി: സര്‍ക്കാര്‍ വാഹനം അനുവദിക്കപ്പെട്ടിട്ടുള്ളവരെല്ലാം എത്രയും പെട്ടെന്നു ജോലിക്കു ഹാജരാകണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നാലെ കേന്ദ്ര മന്ത്രിമാര്‍ തിങ്കളാഴ്ചയോടെ ഓഫീസുകളില്‍ തിരിച്ചെത്തി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ വീടുകളില്‍ നിന്ന് ജോലി ചെയ്യുന്ന സംവിധാനം ഒരുമാസത്തോടടുക്കുമ്പോഴാണ് ഈ മാറ്റം. ജീവനും സമ്പദ്ഘടനയും പ്രധാനമാണെന്ന് പ്രധാനമന്ത്രി ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നീക്കം.
വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കര്‍, രാസവളം രാസവസ്തു മന്ത്രി ഡിവി സദാനന്ദ ഗൗഡ, ഗിരിവര്‍ഗ്ഗ ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, യുവജന ക്ഷേമ മന്ത്രി കിരണ്‍ റിജിജു എന്നിവര്‍ തിങ്കളാഴ്ച രാവിലെ തന്നെ അവരവരുടെ ഓഫീസുകളിലെത്തി.
മന്ത്രിമാരോടൊപ്പം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടും ഓഫിസുകളില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 50% ജീവനക്കാരെ വെച്ച് ജോലി തുടങ്ങാനാണ് മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്.
അതേസമയം സ്വന്തം വാഹനങ്ങളില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരാണു ശരിക്കും കുടുങ്ങിയത്. പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാല്‍ ജോലി സ്ഥലത്തെത്താന്‍ സ്വന്തമായി വഴി കണ്ടെത്തേണ്ട അവസ്ഥയിലാണ് ഇവര്‍.
കോവിഡ് 19 മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചാണ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് യുവജന ക്ഷേമ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. കെട്ടിടത്തിന് അകത്തേക്കു പ്രവേശിക്കുന്നതിനു മുന്‍പു മന്ത്രിമാരുടേതുള്‍പ്പെടെ ശരീര താപനില പരിശോധിക്കുന്നുണ്ട്. ഗേറ്റുകളില്‍ വച്ച് ഇവരുടെ വാഹനങ്ങള്‍ സാനിറ്റൈസര്‍ കൊണ്ട്അണുവിമുക്തമാക്കുന്നുണ്ട്.