സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചര്‍ച്ചയെ തുടര്‍ന്നു വിമാനത്തിലും സംഘര്‍ഷം. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും മെക്‌സിക്കോയിലേക്ക് പറക്കുകയായിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സിലാണ് സംഘര്‍ഷം ഉണ്ടായത്. ഒടുവില്‍ പ്രശ്‌നത്തില്‍ പൈലറ്റിന് ഇടപെടേണ്ടി വന്നു.
യൂടൂബില്‍ ഇപ്പോള്‍ ഇതിന്റെ ദൃശ്യം വൈറലായി കൊണ്ടിരിക്കുകയാണ്.
വഴക്ക് അതിക്രമിച്ചപ്പോള്‍ വിമാനത്തില്‍ രാഷ്ട്രിയ ചര്‍ച്ചകള്‍ നിരോധിച്ചെന്നും എല്ലാവരുടെ അഭിപ്രായം താന്‍ മാനിക്കുന്നു എന്നും എന്നാല്‍ എല്ലാവരും അടങ്ങിയിരിക്കണം എന്നും പൈലറ്റ് ആവശ്യപ്പെടുകയായിരുന്നു.
പരസ്പരം ബഹുമാനിക്കണമെന്നും വിമാനത്തില്‍ യാത്ര ചെയ്യുന്ന സമയം എല്ലാവരും അവരവരുടെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ മാറ്റിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു പേര്‍ തമ്മിലാണ് പ്രശ്‌നം ഉണ്ടായതെന്നും എല്ലാവരും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനായി പൈലറ്റിന് പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നുവെന്നും യൂണൈറ്റഡ് വക്താവ് മെഗാന്‍ മെകാര്‍ത്തി അറിയിച്ചു.
പൈലറ്റിന്റെ അറിയിപ്പ് യാത്രക്കാര്‍ കൈയ്യടിയോടെയാണ് സ്വീകരിച്ചത്. എന്നാല്‍ സംഭവത്തില്‍ യാത്രക്കാരെ ആരെയും വിമാനത്തില്‍ നിന്നും പുറത്താക്കിയില്ലെന്നും വക്താവ് വ്യക്തമാക്കി.