ന്യൂയോര്‍ക്ക് : യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ ഏഷ്യന്‍ വംശജനെ വലിച്ചിഴച്ച് പുറത്താക്കിയ വിവാദം കെട്ടടങ്ങുന്നതിനു മുന്‍പേ കമ്പനി വീണ്ടും വിവാദത്തില്‍.
വിവാഹ ചടങ്ങിനായി ഹ്യൂസ്റ്റണില്‍ നിന്ന് കോസ്റ്റാറിക്കയിലേയ്ക്ക് പോകുകയായിരുന്ന വധുവരന്മാരെ ബലം പ്രയോഗിച്ച് പുറത്താക്കിയതോടെയാണ് യുണൈറ്റെഡ് എയര്‍ലൈന്‍സ് വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുന്നത്.
ഹ്യൂസ്റ്റണില്‍ നിന്നും കോസ്റ്റാറിക്കയിലേയ്ക്ക് യാത്ര തിരിച്ച മൈക്കല്‍ ഹോല്‍, പ്രതിശ്രുത വധു ആംബര്‍ മാക്‌സ്‌വെല്‍ എന്നിവരെയാണ് ജീവനക്കാര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയത്. എക്കോണമി ക്ലാസില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റെടുത്ത ഹോലും പ്രതിശ്രുത വധുവും അനുവാദമില്ലാതെ ഉയര്‍ന്ന ക്ലാസില്‍ ചെന്നിരിക്കുകയും നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാന്‍ കൂട്ടാക്കിയില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം.
എന്നാല്‍ എക്കണോമി ക്ലാസിലുള്ള തങ്ങളുടെ സീറ്റില്‍ ഒരു യാത്രക്കാരന്‍ ഉറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഒഴിഞ്ഞ സീറ്റുകള്‍ അനുവദിക്കണമെന്നും കൂടുതല്‍ പണം നല്‍കാമെന്നും അറിയിക്കുക മാത്രമാണ് ചെയ്തതെന്നാണ് വധുവരന്മാരുടെ വിശദീകരണം. തങ്ങള്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്തുവെന്ന വാദം ശരിയല്ലെന്നും ഹോല്‍ പറഞ്ഞു.
യാത്രക്കാര്‍ അധികമെന്ന കാരണത്താല്‍ കഴിഞ്ഞ ആഴ്ചയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് വിയ്റ്റ്‌നാം വംശജനായ ഡോക്ടറെ പുറത്താക്കിയത്.
സഹയാത്രികരിലൊരാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.