റോഹിങ്ക്യള്‍ക്ക് നേരെ ലൈംഗീകാതിക്രമം ; മ്യാന്‍മര്‍ സായുധ സേന കരിമ്പട്ടികയില്‍

myanmar

ന്യൂയോര്‍ക്ക്; റോഹിങ്ക്യകള്‍ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമങ്ങളും പീഡനങ്ങളും നടത്തിയതിന്റെ പേരില്‍ മ്യാന്‍മര്‍ സായുധസേനയെ യു.എന്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി. റോഹിങ്ക്യന്‍ അഭയാര്‍ഥികളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി മ്യാന്‍മര്‍ സുരക്ഷാ സൈനികര്‍ ലൈംഗിക അതിക്രമങ്ങളും മനുഷ്യത്വത്തിനെതിരായ മറ്റു ക്രൂരതകളും നടത്തിയതായി സംശയിക്കുന്നുവെന്ന് യുഎന്‍ വ്യക്തമാക്കി.

Rohingya

മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത ഏഴു ലക്ഷത്തോളം റോഹിങ്ക്യകളില്‍ ഭൂരിഭാഗം പേരും ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായതായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടറെസ് വിലയിരുത്തി.

റോഹിങ്ക്യകളെ ഉന്‍മൂല നാശനം ചെയ്യുന്നതിനായാണ് സൈന്യം ഇത്തരം ഒരു ക്രൂര നടപടി സ്ത്രീകളോടും കൂട്ടികളോടും കാണിച്ചിരിക്കുന്നതെന്ന് ഗുട്ടറെസ് പറഞ്ഞു. ഇതു സംബന്ധിച്ച മുന്‍കൂര്‍ റിപ്പോര്‍ട്ട് ആന്റോണിയോ ഗുട്ടാറസ് സെക്യൂരിറ്റി കൗണ്‍സിലില്‍ സമര്‍പ്പിച്ചിട്ടുണ്ട്. നിരവധി അന്തര്‍ദേശീയ മെഡിക്കല്‍ വിഭാഗങ്ങളും, സംഘടനകളും നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരായിട്ടുണ്ടെന്ന് വ്യക്തമായത്.

rohingya3

ഗര്‍ഭിണികള്‍ നേരെയും ലൈംഗികാതിക്രമമുണ്ടായി. വ്യാപകമായ ഭീഷണിയും ലൈംഗികാതിക്രമങ്ങളും റോഹിങ്ക്യകളെ പൂര്‍ണമായും ഉന്മൂലനം ചെയ്യുന്നതിന് വേണ്ടി ആസൂത്രണം ചെയ്ത തന്ത്രമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. നൂറുകണക്കിന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഈ അതിക്രമങ്ങള്‍ മൂലം ഗുരുതരമായി പരിക്കേല്‍ക്കുകയും മാനസികനില തെറ്റുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

പലരേയും രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്നാണ് പീഡനത്തിനിരയാക്കിയത്. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കുന്നത് ചെറുത്ത പുരുഷന്‍മാരെയും പ്രായം ചെന്നവരെയും സൈന്യം ക്രൂരമായി വധിച്ചതായും ഇരകളില്‍ പലരും വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ROHINGYAN

ആഗസ്ത് 25 നാണ് വടക്കു പടിഞ്ഞാറന്‍ രാഖിനി സംസ്ഥാനത്ത് മ്യാന്‍മര്‍ സൈന്യത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടി ആരംഭിച്ചത്. പട്ടാളക്കാരുടെ ആക്രമണത്തില്‍ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേരെ ജീവനോടെ ചുടുകയും, കൊള്ളയടിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍, മുസ്ലീം തീവ്രവാദികള്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചതെന്നാണ് മ്യാന്‍മര്‍ സായുധ സൈന്യത്തിന്റെ വിശദീകരണം. റോഹിങ്ക്യകള്‍ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി കയറി വന്ന കുടിയേറ്റക്കാരാണെന്നാണ് മ്യാന്‍മറിലെ ഭൂരിഭാഗം വരുന്ന ബുദ്ധ മത വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ പറയുന്നത്.

അതേസമയം യുഎന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കരിമ്പട്ടികയില്‍ ലോകത്തെ 51 സര്‍ക്കാര്‍, വിമത, തീവ്രവാദ ഗ്രൂപ്പുകളും ഉള്‍പ്പെടുന്നതായും പറയുന്നു.

Top