യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ യു.എസ്.-യു.കെ. ആക്രമണം; പ്രതികരണവുമായി ഐക്യരാഷ്ട്രസഭ

വാഷിങ്ടൺ : യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ യു.എസ്.-യു.കെ. സൈന്യങ്ങള്‍ ആക്രമണം നടത്തിയതിന് പിന്നാലെ സ്ഥി​ഗതികൾ രൂക്ഷമാകുന്ന സാഹചര്യം ഒഴിവാക്കണമെന്ന് ഐക്യരാഷ്ട്രസഭാ (യു.എൻ.) സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറെസ്. അതേസമയം, അന്താരാഷ്ട്ര കപ്പലുകൾക്കെതിരായ ഹൂതി ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്നും അന്റോണിയോ ഗുട്ടെറെസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ആക്രമണങ്ങൾ ആ​ഗോള വിതരണശൃംഖലയുടെ സുരക്ഷ അപകടത്തിലാക്കുകയും ലോകമെമ്പാടുമുള്ള സാമ്പത്തിക വിഷയങ്ങളെ ബാധിക്കുകയും ചെയ്യുന്നു. പ്രതിസന്ധി ചർച്ചചെയ്യാൻ യു.എൻ രക്ഷാസമിതി ന്യൂയോർക്കിൽ യോ​ഗം ചേരുന്നുണ്ട്. ഹൂതികൾ ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എൻ പ്രമേയം പാസ്സാക്കി ദിവസങ്ങൾക്ക് ശേഷമാണ് വീണ്ടും യോ​ഗം ചേരുന്നത്. ആക്രമണങ്ങളെ പ്രതിരോധിക്കുന്ന രാജ്യങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം. സ്ഥിതി​ഗതികൾ കൂടുതൽ രൂക്ഷമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച രാത്രി യെമെനിലെ ഒരു ഡസൻ ഹൂതികേന്ദ്രങ്ങളാണ് യു.എസിന്റെയും ബ്രിട്ടന്റെയും സേനകൾ ചേർന്ന് ആക്രമിച്ചത്. യു.എസ്. പടക്കപ്പലുകൾ, അന്തർവാഹിനികൾ എന്നിവ ആക്രമണത്തിൽ പങ്കെടുത്തു. കപ്പലുകളിൽനിന്ന് പറന്നുയർന്ന പോർവിമാനങ്ങളും ടൊമാഹാക് മിസൈലുകളും ഹൂതികളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ, തീരദേശ റഡാർ കേന്ദ്രങ്ങൾ, വ്യോമതാവളം, ആയുധസംഭരണശാല എന്നിവ തകർത്തു. ബ്രിട്ടീഷ് വ്യോമസേനയുടെ സൈപ്രസിലെ വ്യോമതാവളത്തിൽനിന്നെത്തിയ നാലു പോർവിമാനങ്ങളും ആക്രമണത്തിൽ അണിചേർന്നു.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന യുദ്ധത്തിനെതിരേയുള്ള പ്രതിഷേധം എന്ന നിലയ്ക്കാണ് ഹൂതികള്‍ കപ്പലുകള്‍ക്കു നേര്‍ക്കുള്ള ആക്രമണം കടുപ്പിച്ചത്. ആക്രമണത്തിന് പിന്നാലെ പല കപ്പല്‍പ്പാതകളിലൂടെയുമുള്ള ഗതാഗതം തത്ക്കാലത്തേക്ക് നിർത്തിവച്ചിരുന്നു. ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നിടംവരെ ആക്രമണം തുടരുമെന്ന് ഹൂതികളും വ്യക്തമാക്കിയിട്ടുണ്ട്.

Top