ഗാസയില്‍ സുരക്ഷിതമായ ഒരിടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ

ജനീവ: ഗാസയില്‍ സുരക്ഷിതമായ ഒരു ഇടം പോലുമില്ലെന്ന് ഐക്യരാഷ്ട്രസഭ. ഗാസയിലെ ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഞെട്ടല്‍ രേഖപ്പെടുത്തി. ഗാസയിലെ സാഹചര്യം ഭയപ്പെടുത്തുന്നുവെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും ഗുട്ടെറസ് ആവര്‍ത്തിച്ചു.

ആംബുലന്‍സ് വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 15 പേരാണ് കൊല്ലപ്പെട്ടത്. രോഗികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ എന്നിവ എല്ലായ്പ്പോഴും സംരക്ഷിക്കപ്പെടണമെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എക്സില്‍ കുറിച്ചു. കുടിയൊഴിപ്പിക്കപ്പെട്ടവരെ താമസിപ്പിച്ചിരുന്ന ഗാസയിലെ സ്‌കൂളിന് നേരെയും ഇസ്രയേല്‍ ആക്രമണം നടത്തി. 20 പേര്‍ കൊല്ലപ്പെടുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അതേസമയം, ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചില്ലെങ്കില്‍ യുദ്ധം പൂര്‍ണതോതില്‍ മുന്നോട്ടുപോകുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള തന്റെ മൂന്നാമത്തെ സന്ദര്‍ശനത്തില്‍ നെതന്യാഹുവിനെ കണ്ട യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍, ഗാസയ്ക്ക് സഹായം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തതായി പറഞ്ഞു. എന്നാല്‍, ഇക്കാര്യം ഇസ്രയേല്‍ നിരസിച്ചു. കഴിഞ്ഞ ദിവസവും ഇസ്രയേലി ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്) ഗാസയില്‍ സൈനിക നടപടി തുടര്‍ന്നു.

Top